പത്മരാജന്റെ നടൻ; അത് വളരെ നല്ല കഥാപാത്രം പക്ഷെ? കഥകൾ പറഞ്ഞ് അശോകൻ

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ അശോകന്‍. മലയാള സിനിമയില്‍ 49 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം. പെരുവഴി അമ്പലം എന്ന തന്‍റെ ആദ്യ ചിത്രത്തിന്‍റെ ഓര്‍മകളും താരം പങ്കുവെച്ചു. ‘അന്ന് അധികവും കച്ചവട സിനിമകളാണ് കണ്ടുകൊണ്ടിരുന്നത്. കച്ചവട സാധ്യത ഒന്നുമില്ലാത്ത ചിത്രമായിരുന്നു പെരുവഴിയമ്പലം. പാട്ടും അടിപിടിയെന്നുമില്ല. ഹീറോ പരിവേഷങ്ങള്‍ ഒന്നുമില്ലാത്ത ചിത്രം’. അന്നത്തെ തന്‍റെ രൂപത്തില്‍ സ്വയം അപകര്‍ഷത തോന്നിയെന്നും താരം പറയുന്നു.  

പത്മരാജന്‍റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. അന്ന് സിനിമകളില്‍ നിന്ന് ലഭിച്ച പ്രതിഫലത്തിന്‍റെ പലിശകൊണ്ടാണ് ഇന്നും നിലനില്‍ക്കുന്നതെന്നും താരം പറയുന്നു. ‘കാലത്തിന് മുന്നേ സഞ്ചരിച്ച് കലാകാരനാണ് പത്മരാജന്‍ മാഷ്. ഓരോ കാലഘട്ടത്തിലും അദ്ദേഹത്തിന്‍റെ സിനിമകള്‍ ഫ്രഷ് ആണ്’. 

അടുത്തിടെയായി സമൂഹമാധ്യമങ്ങളില്‍ അനന്തന്‍ എന്ന ചിത്രത്തിലെ,  ബസ് സ്റ്റോപ്പില്‍ ശോഭനയെ കാത്ത് നില്‍ക്കുന്ന അശോകന്‍റെ രംഗം വൈറലായിരുന്നു. നല്ല അവസരം ലഭിച്ച സിനിമയായിരുന്നു അതെന്നും ഒരു ബുദ്ധിജീവി പടമായിരുന്നു എന്നും താരം പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചാലേ സിനിമയില്‍  നിലനില്‍പ്പുള്ളു. ഓരോ നിമിഷവും പുതിയ കലാകാരന്‍മാര്‍ വന്നുകൊണ്ടിരിക്കുകയാണ്. നല്ല മല്‍സരമാണ് ഉള്ളത് എന്നും അശോകന്‍ പറയുന്നു. നന്‍പകല്‍ നേരത്ത് മയക്കം അത്തരം നല്ല അവസരം ലഭിച്ച സിനിമയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയ്ക്ക് വേണ്ടത്ര പ്രമോഷന്‍ കിട്ടിയില്ലെന്നും അര്‍ഹിക്കുന്ന പ്രധാന്യം കഥാപാത്രത്തിനും ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.