‘അദ്ദേഹത്തിന്റെ മനസില്‍ ലാലേട്ടന്‍; ആശുപത്രിയില്‍ പോയി കണ്ടു’; മറുപടി പറഞ്ഞ് ഇടവേള ബാബു

മലയാള സിനിമയില്‍ സജീവമായിരുന്ന അഭിനയതാവാണ് ടി.പി മാധവന്‍. 600-ലധികം സിനിമകളിലും ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം ഇപ്പോള്‍ പത്താനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയാണ്. 2015ലെ ഹരിദ്വാർ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറൽ-സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ സംഘടന ശ്രദ്ധിക്കുന്നില്ലെന്ന് വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായിരുന്നു. ഇതിന് മറുപടിയുമായിയാണ് അമ്മയുടെ നിലവിലെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെതിയത്. ക്യാന്‍ ചാനല്‍ മിഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘‘ടി.പി മാധവനെ ഇപ്പോഴും സഹായിക്കുന്നത് അമ്മ സംഘടനയാണ്. അദ്ദേഹത്തിന്റെ ആശുപത്രി ബില്ലുകള്‍ അടക്കം അടിച്ചത് സംഘടനയാണ്. എല്ലാ മാസവും അദ്ദേഹത്തിനുള്ള കൈനീട്ടം നല്‍കാറുണ്ട്. രണ്ടര മാസത്തോളം ആശുപത്രയില്‍ കൂട്ടിരുന്നു. ഇതിനിടെയിലാണ് ഹരിദ്വാര്‍ യാത്ര പോയത്. അവിടുന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്. അവിടെ മാധവന്‍ ചേട്ടനെ തിരിച്ചറിഞ്ഞ പൂജാരിയാണ് സുരേഷ് ഗോപിയെ വിളിച്ചു പറഞ്ഞത്. പിന്നീടാണ് അദ്ദേഹത്തിന് ആയുര്‍വേദ ചികില്‍സ നല്‍കിയത്’’ ഇടവേള ബാബു പറഞ്ഞു. 

‘‘ഓര്‍മ നഷ്ടപ്പെട്ട നിലയിലാണ് നിലവില്‍ അദ്ദേഹം. ഗാന്ധി ഭവനില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് മനസിലാകാന്‍ ബുദ്ധിമുട്ടാണ്. പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ എല്ലാ കാര്യങ്ങളും അവിടെ ചെയ്യാറുണ്ട്. ആ ഭാഗത്ത് കൂടി പോകുന്ന സിനിമ പ്രവര്‍ത്തകരും ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷെ കുറച്ചു പേരെ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഉള്ളു. അദ്ദേഹത്തിന്റെ മനസിലുള്ള ആള്‍ ലാലേട്ടാനാണ്. മാധവന്‍ ചേട്ടനെ കാണാന്‍ ഒരിക്കല്‍ ലാലേട്ടനുമായി ആശുപത്രിയില്‍ പോയതാണ്’’ ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

ഗതാഗത മന്ത്രിയായതിന് പിന്നാലെ കെ.ബി ഗണേഷ് കുമാര്‍ ഗാന്ധി ഭവനില്‍ എത്തിയിരുന്നു. അവിടെ വച്ച് ടി.പി മാധവനുമായി മന്ത്രി കുശലാന്വേഷണം നടത്തി. ലാലേട്ടനോട് ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കണാണമെന്ന് കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ഉറപ്പ് നല്‍കി.

 Idavela Babu about TP Madhavan