കാത്തിരിപ്പിന് വിരാമം; 'ബറോസ്' ഓണത്തിന് പ്രേക്ഷകർക്ക് മുൻപിലേക്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' ഓണത്തിന് പ്രേക്ഷകർക്ക് മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ബറോസില്‍ കൂടുതല്‍ പ്രതീക്ഷ ഉളവാക്കുന്ന മനോഹരമായ ഒരു പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്.  മോഹന്‍ലാലും വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ പുറത്തു വിട്ടിരുന്നു. സിനിമ മികച്ച കാഴ്ചാനുഭവം സമ്മാനിക്കുമെന്നതാണ് വിഡിയോയിലൂടെ ലഭിക്കുന്ന സൂചന. 

നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്.   ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.  ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തിൽ  മോഹൻലാലിന് പുറമേ  മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട് എന്നാണ് സൂചന. 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.