പല സംവിധായകരും തിരക്കഥ ചോദിച്ചെത്തി; രണ്ടാമൂഴം ഉടൻ: എം.ടി

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ തർക്കം ഒത്തുതീർപ്പാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടി.ക്കായിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ എം.ടി.ക്ക് തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുകയും എം.ടി.യും മടക്കി നൽകും. തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പിലെത്തി.

അതേസമയം, രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്ന് എം.ടി. വാസുദേവൻ നായർ മാധ്യമങ്ങളെ അറിയിച്ചു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും എം.ടി. പറഞ്ഞു. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ടെന്നും സിനിമ വൈകിപ്പോയതിൽ ദുഃഖമുണ്ടെന്നും എം.ടി. വാസുദേവൻ നായർ കൂട്ടിച്ചേർത്തു.