മലയാളികളുടെ പ്രിയ എംടിയ്ക്ക് ഇന്ന് 89-ാം പിറന്നാൾ; സിനിമ ലൊക്കേഷനിൽ ആഘോഷം

മലയാളി,  മനസില്‍ എഴുതിചേര്‍ത്ത എം.ടിയെന്ന രണ്ടക്ഷരത്തിന് ഇന്ന്  എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. നവതി വര്‍ഷത്തില്‍ തന്റെ പത്ത് കഥകള്‍ സിനിമയാകുന്നതിന്റ സന്തോഷത്തിലാണ് എം.ടി. അതിലൊന്നിന്റ ലോക്കേഷനിലാണ് ഇന്നത്തെ പിറന്നാള്‍ ആഘോഷവും.  

തന്റ തിരക്കഥയില്‍ പി.എന്‍ മേനോന്‍ 1970 ല്‍ സംവിധാനം ചെയ്ത ഒാളവും തീരവും വീണ്ടും പുനര്‍ജനിക്കുന്നതിന്റ സന്തോഷത്തിലാണ് പിറന്നാള്‍ ദിനത്തില്‍ എം.ടി. പി.എന്‍ മേനോന്റ സ്ഥാനത്ത് പ്രിയദര്‍ശന്‍, മധുവിന്റ സ്ഥാനത്ത് മോഹന്‍ലാല്‍.  എം.ടിയുടെ സ്ഥാനത്ത് ഇപ്പോഴും എം.ടി തന്നെ. ആരോഗ്യം അത്ര അനുവദിക്കാതിരുന്നിട്ടും കോഴിക്കോട് നിന്ന് യാത്ര ചെയ്ത് എംടി  ചിത്രീകരണം നടക്കുന്ന തൊടുപുഴയിലെ സെറ്റിലെത്തി. പിറന്നാള്‍ ആഘോഷം പതിവുള്ളതല്ല. പക്ഷെ ചലച്ചിത്രലോകത്തെ തലമുറകള്‍ക്കൊപ്പം ലോക്കേഷനില്‍ ഒത്തുചേരുമ്പോള്‍ എം.ടിക്ക് പതിവു തെറ്റിക്കേണ്ടിവന്നേക്കാം. തന്റ പത്തുകഥകള്‍ ഒന്നിച്ച് സിനിമയാകുന്നു എന്നതും നവതി വര്‍ഷത്തില്‍ ഇരട്ടി സന്തോഷം നല്‍കുന്നു. അതിലൊന്ന് സംവിധാനം ചെയ്യുന്നതാകട്ടെ മകള്‍ അശ്വതിയും. നാള്‍ പ്രകാരം കര്‍ക്കിടകത്തിലെ ഉതൃട്ടാതിയിലാണ് പിറന്നാള്‍. ഇരുപത്തിയൊന്നാം വയസില്‍ ലോകകഥാ മല്‍സരത്തില്‍ സമ്മാനം ലഭിച്ച കഥാകാരന്റ സര്‍ഗജീവിതത്തിന്റ എഴുപത്തിയഞ്ചാം വര്‍ഷം കൂടിയാണിത്.

കാലത്തെ അതിജീവിച്ച ഒാരോ രചനകളും ഒരു തലമുറയ്ക്കും മടുക്കില്ലെന്ന് ഉറപ്പ്. കാരണം ആത്മനൊമ്പരങ്ങളെ പകര്‍ത്തിവച്ച ആ അക്ഷരക്കൂട്ടിന് അത്ര ശക്തിയുണ്ട്. നവതിയിലേക്ക് കടക്കുമ്പോഴും സാഹിത്യത്തേയും സിനിമയേയും ഒരുപോലെ സ്നേഹിക്കുന്ന മലയാളത്തിന്റ പ്രിയപ്പെട്ട കലാകാരന് മനോരമ ന്യൂസിന്റേയും പിറന്നാള്‍ ആശംസകള്‍