ഹൃദയം നിറഞ്ഞ് എംടി; സ്നേഹാദരവുമായി കൂടല്ലൂരുകാർ

വിദേശ നാടുകളില്‍ നിന്ന് ലഭിച്ച ആദരവിനേക്കാൾ ഹൃദയം നിറഞ്ഞത് കൂടല്ലൂരുകാരുടെ സ്നേഹാദരമാണെന്ന് എംടി വാസുദേവൻ നായർ. പാലക്കാട് കൂടല്ലൂരിലെ സാസ്കാരിക സമ്മേളനത്തിലാണ് ജന്മനാടിനെക്കുറിച്ച് എംടി മനസുതുറന്നത്.

ഹൃദയപൂർവം എംടിയ്ക്ക് എന്ന പേരില്‍ കൂടല്ലൂരിലെ നവമാധ്യമ കൂട്ടായ്മയായ കൂര്യായിക്കൂട്ടം ഒരുക്കിയ സാംസ്കാരിക സമ്മേളത്തിലായിരുന്നു എംടി വാസുദേവന്‍ നായര്‍ നാടിനെക്കുറിച്ചും എഴുത്തിന്റെ അനുഭവങ്ങളും പങ്കുവച്ചത്. നാടിന്റെ സ്നേഹാദരത്തേക്കാള്‍ മറ്റൊന്നുമില്ല. തന്റെ അനുഭവങ്ങൾ മാത്രമല്ല, അമ്മയുടെ അനുഭവങ്ങളും കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെന്നും എംടിയുടെ വാക്കുകള്‍.

  കവിയരങ്ങ്, സംവാദം, എന്നിവയും രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരുന്നു. എം.ടി വാസുദേവൻ നായരുടെ നാലുക്കെട്ട് എന്ന നോവൽ ആസ്പദമാക്കി വൈക്കം ഡി. മനോജ് പകർത്തിയ " നാലുകെട്ടും,നിളയും " എന്ന ചിത്രപ്രദർശനവും ഉണ്ടായിരുന്നു. സി.രാധാകൃഷ്ണൻ , സംവിധായകൻ ഹരിഹരൻ, അച്ചുതൻ കൂടല്ലൂർ എന്നിവരും ചടങ്ങില്‍ സാന്നിധ്യമായി.