വഴക്കിട്ടു; വാദിച്ചു; പക്ഷേ നല്ല വ്യക്തിക്കുള്ള വോട്ട് നിങ്ങൾക്കാണ്; കുറിപ്പ്

ദുൽഖർ സൽമാനുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി  സംവിധായകൻ അനൂപ് സത്യന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകളും പങ്കുവച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

അനൂപിന്റെ വാക്കുകൾ ഇങ്ങനെ: ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2007ലായിരുന്നു അത്. നഴ്സറി മുതൽ എം.എസ്.സി വരെ ഒരേ ക്ലാസിൽ പഠിച്ച്, വർഷങ്ങളായി ഒരുമിച്ചു നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു. ഇനി ഒരു നിമിഷം പോലും ഞങ്ങൾക്ക് പരസ്പരം സഹിക്കാൻ പറ്റില്ല എന്നു തോന്നിയ ദിവസം ഞങ്ങൾ അക്ഷരാർത്ഥത്തിൽ അടിപിടി കൂടാൻ തുടങ്ങി. കയ്യിൽകിട്ടിയ കസേര വച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി. ഞങ്ങൾ തമ്മിലുള്ള ഈ വഴക്ക് കാണാൻ നല്ല രസമായതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണർ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവർക്കു ഞങ്ങളെ  പരിചയപ്പെടുത്തി. 'ഞാൻ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവർ'. അതോടെ പരസ്പരം ദേഹത്തു കൈവച്ചുള്ള വഴക്ക് ഞാൻ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണൽ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു.’

‘ഈ വർഷം അത്തരത്തിൽ ഇമോഷണൽ വഴക്ക് നടന്നത് ദുൽഖറിന്റെ അടുത്താണ്. ആദ്യമായി ഞാൻ സംവിധായകനായും ദുൽഖർ നിർമാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത്. ഞങ്ങൾ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നാലും, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആയതിനാൽ സിനിമയിലെ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളായി ഞാൻ ആൾക്കു വോട്ടു ചെയ്യും. സത്യം പറഞ്ഞാൽ, ദുൽഖർ ശരിക്കും അങ്ങനെ തന്നെയാണ്.’ അനൂപ് സത്യൻ കുറിച്ചു.