ഇതെന്റെ സിനിമ; പൃഥ്വിയും ആഷിക്കും മാറാൻ പറഞ്ഞില്ല: റമീസ് പറയുന്നു

വാര്‍ത്തയിലും വിവാദത്തിലും നിറഞ്ഞ ‘വാരിയംകുന്നനി’ല്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ വിശദീകരണവുമായ‌ി റമീസ്. 24 വയസുള്ളപ്പോൾ പങ്കുവച്ച ചില പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് തനിക്കെതിരെ ഇത്ര ആക്രമണം നടക്കുന്നതെന്ന് റമീസ് പറയുന്നു. ‘താലിബാൻ അനുകൂലിയാണ്, സ്ത്രീവിരുദ്ധനാണ് എന്നൊക്കെയാണ് ആരോപണം. ‍ഞാൻ ഇതൊന്നുമല്ല. അതു തെളിയിക്കും. സിനിമയിലേക്ക് തിരികെ വരും. ഞാൻ ഇല്ലാതെ വാരിയംകുന്നൻ സംഭവിക്കും എന്ന് തോന്നുന്നില്ല. ഇത് താൽകാലികമായ ഒരു പിൻമാറ്റമാണ്. ആഷിഖ് അബുവോ പൃഥ്വിരാജോ എന്നോട് മാറാൻ പറഞ്ഞിട്ടില്ല. ഇത് ഞാൻ സ്വയം എടുത്ത തീരുമാനമാണ്– അദ്ദേഹം പറഞ്ഞു.

‘ഇന്ന് പുരോഗമനം പറയുന്നവരുടെ പഴയ പോസ്റ്റുകൾ നോക്കിയാലും ഇത്തരം ചില പോസ്റ്റുകള്‍ കാണും. പക്വത ഇല്ലാത്ത പ്രായത്തിൽ ചെയ്ത തെറ്റാണ്. അതിന് മാപ്പും ചോദിച്ചു. പിന്നീട് ആ പോസ്റ്റൊക്കെ കണ്ടപ്പോൾ അയ്യേ.. എന്ന് പറയാനാണ് തോന്നിയത്.’ സിനിമയിൽ നിന്നും താൽക്കാലികമായി പിൻമാറിയ ശേഷം ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദ് പറയുന്നു.

പത്തുവർഷക്കാലം പഠിച്ച് ഗവേഷണം നടത്തിയ തിരക്കഥയാണ്. ഇതുകൊണ്ട് സംവിധായകനെ കണ്ടതും നടനോട് കഥ പറഞ്ഞതും നിർമാതാവിനെ കണ്ടെത്തിയതും എല്ലാം ‍ഞാനാണ്. ഇൗ സിനിമ ഇല്ലാതാക്കണം എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ എനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ. ആ ആരോപണങ്ങൾ തെറ്റാണ് എന്ന് തെളിയും. സിനിമയ്ക്കൊപ്പം ഞാൻ തിരിച്ചെത്തും.’ റമീസ് പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതു മുതൽ ആരംഭിച്ച വിവാദങ്ങളുടെ തുടർച്ചയായിരുന്നു തിരക്കഥാകൃത്തിനെ പിന്മാറ്റവും. മുമ്പ് ഫെയ്സ്ബുക്കിൽ ഉൾപ്പെടെ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത് വ്യാപക ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. നിരപരാധിത്വം തെളിയിച്ച ശേഷം സിനിമയുടെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരുമെന്ന് റമീസ് മുഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു.

പിന്മാറ്റം റമീസ് അറിയിച്ചതായും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി ഒട്ടും യോജിപ്പില്ലെന്നും സംവിധായകൻ ആഷിക് അബു വ്യക്തമാക്കി. റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം ചോദിച്ചിരുന്നു. സ്വന്തം വിശ്വാസ്യത പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ആഷിക് അബു ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.