'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

ബ്ലെസി ചിത്രം ആടുജീവിതം നിറഞ്ഞ കയ്യടി നേടി തീയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. മണിരത്നം, കമല്‍ഹാസന്‍, മാധവന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികളാണ് ബ്ലെസിയെയും പൃഥ്വിരാജിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ആടുജീവിതത്തെ പറ്റി നടൻ ജയസൂര്യ പങ്കുവെച്ച ഹൃദയഹാരിയായ ഒരു കുറിപ്പും ശ്രദ്ധ നേടുകയാണ്. ആടുജീവിതത്തിലൂടെ നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസിക്ക് നന്ദി പറയുന്നതോടൊപ്പം പൃഥ്വിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുകയാണ് ജയസൂര്യ തന്‍റെ സോഷ്യല്‍ മീ‍ഡിയ കുറിപ്പിലൂടെ.

'വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര ആടുജീവിതം. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങൾക്കും. നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ  എല്ലാവർക്കും എൻ്റെ കൂപ്പുകൈ' എന്നാണ് ജയസൂര്യ സോഷ്യല്‍ മീ‍ഡിയയില്‍ കുറിച്ചത്. കുറിപ്പിനൊപ്പം ആടു‍ജീവിതത്തിന്‍റെ പോസ്റ്റും ജയസൂര്യ പങ്കുവച്ചു. 

അതേസമയം മലയാളത്തിന് പുറമേ  തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് ബ്ലെസിയുടെ സംവിധാനമികവില്‍ പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം എന്ന ചിത്രം. ആടുജീവിതം സിനിമയ്ക്കായി സംഗീത സംവിധാനം നിർവഹിച്ചത് എ.ആർ റഹ്മാനും ശബ്ദ മിശ്രണം റസൂൽ പൂക്കുട്ടിയുമാണ് നിര്‍വഹിച്ചത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Jayasurya's facebook post about Aadujeevitham; viral