ഇത് ചീഞ്ഞ സംസ്കാരം; സിനിമയെ ആർക്കാണ് പേടി? പൃഥ്വിക്കും വാരിയംകുന്നനും പിന്തുണ

മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കി ആഷിഖ് അബു– പൃഥ്വി കൂട്ടുകെട്ടിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. 2021 ൽ ചിത്രം ഷൂട്ടിങ് തുടങ്ങുമെന്ന് പൃഥ്വി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചതിന് പിന്നാലെ വ്യാപകമായി സൈബർ ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സംവിധായകരായ മിഥുൻ മാനുവൽ തോമസും അരുൺഗോപിയുമുൾപ്പടെയുള്ളവർ പിന്തുണയുമായി എത്തി.

സിനിമയെ ആർക്കാണ് പേടിയെന്നായിരുന്നു മിഥുന്റെ ചോദ്യം. അടിത്തറ ഇല്ലാത്തവർക്കോ? അതോ അസ്തിത്വം ഇല്ലാത്തവർക്കോ, അതോ ചരിത്രമില്ലാത്തവർക്കോ? അതോ ധൈര്യമില്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്. ഇങ്ങളൊന്ന് വെയ്റ്റ് ചെയ്യൂ എന്നായിരുന്നു മിഥുന്റെ പോസ്റ്റ്. 

കഥപറയാൻ മതവും ജാതിയും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ് എന്നായിരുന്നു അരുൺഗോപി കുറിച്ചത്. മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങളെന്നും അരുൺ കുറിച്ചു.

മലയാള സിനിമയുടെ അതിരുകൾ പുനർനിർണയിക്കാൻ സാധ്യതയുള്ള ചിത്രമാകും വാരിയംകുന്നനെന്നാണ് യുവതാരം  അനീഷ് ജി മേനോൻ പറയുന്നത്. ലിംഗഭേദവ്യത്യാസമില്ലാതെ വീട്ടിലിരിക്കുന്ന പ്രായമുള്ളവരെ പോലും തെറിവിളിക്കുന്ന ചീഞ്ഞ സംസ്കാരത്തിനെതിരെ നടപടി വേണമെന്നും അനീഷ് കുറിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെയും കലാസൃഷ്ടികളെയും മനുഷ്യരെയും വിലയ്ക്കെടുക്കാൻ ധൈര്യപ്പെടുന്ന ജാതി മത ചിന്തകളെ അതിജീവിക്കുക തന്നെ വേണമെന്നും പോസ്റ്റിൽ കുറിക്കുന്നു.

  മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമയാകുന്നത്.