എപ്പോഴും ഈ ചായ ഉണ്ടാക്കല്‍ എങ്ങനെ നടക്കും..?; ജോലി പങ്കിടൂ: പരിഭവത്തോടെ വിദ്യ

സ്വന്തം ആരോഗ്യവും സുരക്ഷയും മറന്ന് കോവിഡ് കാലത്തും പൊതു നിരത്തുകൾ വൃത്തിയാക്കാനിറങ്ങുന്ന ശുചീകരണത്തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം വിദ്യ ബാലൻ. വീട്ടിലിരിക്കുന്ന ഈ കാലത്തു വീട് സ്വർഗമാകണമെങ്കിൽ എന്തു വേണമെന്നുകൂടി പറയുന്ന വിഡിയോയും വിദ്യ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു.  

മാഡം എന്ന വിളി കേട്ട് മുകളിലേക്ക് നോക്കിയ അവർക്ക് തന്നെയാണോ വിളിക്കുന്നത് എന്നതായിരുന്നു സംശയം. ഒരിക്കൽ കൂടി കേട്ടപ്പോൾ ആ നന്ദിവാക്ക് തനിക്കുള്ളതാണെന് അവർക്ക് ബോധ്യപ്പെട്ടു. ഭാവ ഭേദമില്ലാതെ ഒന്ന് പുഞ്ചിരിച്ചു വീണ്ടും ജോലി തുടർന്നു. 21 ദിവസത്തെ ലോക്ഡൗണിൽ നമ്മൾ സുരക്ഷിതരാവുന്നത് ഇവരെപോലുള്ളവർ ജോലി നിർബാധം ചെയ്യുന്നത്കൊണ്ടാണെന്ന് വിദ്യ ഓർമിപ്പിച്ചു. ഇതോടൊപ്പം മറ്റൊരു ചെറു സന്ദേശം കൂടിയുണ്ട് വിദ്യയുടെ ഇൻസ്റ്റാഗ്രാം വിഡിയോയില്‍.  

മുന്‍പായിരുന്നെങ്കിൽ കുട്ടികളെ സ്കൂളിൽ അയച്ചുകഴിഞ്ഞാൽ ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ വീട്ടുജോലിക്ക് സ്ത്രീകൾക്ക് മതിയായ സമയമുണ്ടായിരുന്നു. ഇന്നതല്ല. വീട്ടിലെ കുസൃതികളെ അടക്കിയിരുത്തൽ തന്നെ ദിവസത്തിന്റെ മുക്കാൽ ഭാഗം കൊണ്ടുപോകും. പിന്നെ വൃത്തിയാക്കലും പാകം ചെയ്യലും. അതിനിടെ രാവിലെ മുതൽ രാത്രി വരെ ചായ ഉണ്ടാക്കികൊടുക്കൽ എങ്ങനെ നടക്കും.

വിദ്യ അല്‍പം പരിഭവത്തിൽ തന്നെ ചോദിക്കുന്നു. അതിനാൽ വീടിനെ സ്നേഹിക്കുന്നെങ്കിൽ ഈ സമയം വീട്ടുജോലികളും പങ്കിടൂ എന്ന സ്നേഹശാസനയോടെയാണ് സന്ദേശം അവസാനിക്കുന്നത്. വിദ്യ ബാലന്റെ ഈ സന്ദേശങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.