ദിവസവേതനകാർക്ക് 20 ലക്ഷം നൽകി നയൻതാര; തുക കൈമാറി

കോവിഡ് 19 ഭീതിയിൽ തമിഴ് സിനിമാ ഇൻ‍ഡസ്ട്രിയിൽ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയൻതാര. 20 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് കൈമാറിയത്.

സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തികസഹായവുമായി എത്തിയിരുന്നു. മുൻനിര നായികമാർ, മറ്റു താരങ്ങൾ തുടങ്ങിയവർ സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവിൽ ഐശ്വര്യ രാജേഷ് (ഒരുലക്ഷം), നയൻതാര എന്നിവരാണ് ഫെഫ്സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാർ.

ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യർഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്.

തമിഴിൽ വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താൽക്കാലികമായി മുടങ്ങി കിടക്കുന്നത്. ശങ്കർ ചിത്രം ഇന്ത്യൻ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതിൽ പ്രധാന സിനിമകൾ.