അച്ഛൻ ആദ്യ സിനിമയിൽ വധുവിനെ തേടി; മകൻ വരനെയും; കൗതുകം

തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് വേറിട്ട ഇൗ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലൂടെ സുരേഷ്ഗോപിയും ശോഭനയും വമ്പൻ തിരിച്ചുവരവാണ് നടത്തുന്നത്. ഇതിെനാപ്പം കൗതുകമുള്ള ഒരു കാര്യം കണ്ടെത്തിയിരിക്കുകയാണ് ഒരു ആരാധകൻ.സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ആദ്യ ചിത്രങ്ങളിലെ അപാരമായ ആ സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് റോയ് എന്ന പ്രേക്ഷകന്‍.

റോയ്‌യുടെ കുറിപ്പ് വായിക്കാം

വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982-ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്‍) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന്‍ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷേ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മയുണ്ടാകുമോ എന്തോ !