തടവുകാർക്ക് ഇനി സംഗീതം ആസ്വദിക്കാം; ജയിലിനുള്ളിൽ എഫ്എം റേഡിയോ

കണ്ണൂര്‍ സബ്ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകളില്‍ സംഗീതം ആസ്വദിക്കാം. ഇതിനായി ജയിലിനുള്ളില്‍ എഫ് എം റേഡിയോ സ്ഥാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ നിര്‍മിക്കുന്ന തുണിസഞ്ചികളും ഇനി വിപണിയിലെത്തും. 

രാവിലെ ആറുമുതല്‍ എട്ടുവരേയും, വൈകീട്ട് ആറു മുതല്‍ രാത്രി ഒന്‍പതുവരേയും തടവുകാര്‍ക്ക് എഫ് എം റേഡിയോയിലൂടെ സംഗീതം ആസ്വദിക്കാം. ഇതിനായി ഓരോ സെല്ലുകളുടെ മുന്നിലും പ്രത്യേകം സ്പീക്കറും സ്ഥാപിച്ചു. തടവുപുള്ളികളുടെ മാനസിക പരിവര്‍ത്തനമാണ് ലക്ഷ്യം. സംസ്ഥനത്തെ വിവിധ ജയിലുകളില്‍ തടവുകാരുടെ ഉന്നമനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. 

ജയിലിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഡിജിപി നിര്‍വഹിച്ചു. ഗ്രോബാഗിലാണ് കൃഷി. വെണ്ടയും, തക്കളിയും ചീരയുമെല്ലാം നൂറുമേനി വിളഞ്ഞു നില്‍ക്കുന്നു. ഇവിടുത്തെ അടുക്കളയിലേയ്ക്ക് തന്നെയാണ് ജൈവരീതിയില്‍ വിളയിച്ചെടുക്കുന്ന ഈ പച്ചക്കറികള്‍ എത്തുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജില്ലാ കൃഷി വകുപ്പ് ഒപ്പമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച അന്തേവാസികള്‍ ഒരുക്കുന്ന തുണിസ‍ഞ്ചികളും ഇനി വിപണിയിലെത്തും. വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ്.