മലയാള സിനിമയിലെ രാഷ്ട്രീയം; ഒന്നിച്ച് ചർച്ച ചെയ്ത് ചലച്ചിത്ര പ്രവർത്തകർ‌

മലയാള സിനിമകളുടെ രാഷ്ട്രീയ നിലപാടുകളിലെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്ത് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംവാദം . കൊച്ചിയില്‍ മലയാള മനോരമ സംഘടിപ്പിച്ച തിരക്കഥാ ക്യാമ്പിന്‍റെ ഭാഗമായാണ് സിനിമയിലെ രാഷ്ട്രീയം പറയാന്‍ പ്രമുഖര്‍ ഒന്നിച്ചിരുന്നത്.

കാലങ്ങളോളം മലയാള സിനിമയുടെ ചരിത്ര ഭൂമികയില്‍ പോലും ഇടം കിട്ടാതിരിക്കും വിധം ആദ്യ സിനിമയിലെ നായിക പി.കെ.റോസി നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞ് സംവിധായിക വിധു വിന്‍സെന്‍റാണ് സംവാദം തുടങ്ങി വച്ചത്. വിധു ഉയര്‍ത്തിയ ചിന്തയുടെ മറുവശമായിരുന്നു കമലിന് പറയാനുണ്ടായിരുന്നത്.

വില്ലന്‍ കഥാപാത്രങ്ങളുടെ മതത്തെ കുറിച്ചുളള ചര്‍ച്ചയില്‍  ധ്രുവം സിനിമയിലെ വില്ലന്‍ ഹൈദര്‍ മരയ്ക്കാറെ കുറിച്ചും പരാമര്‍ശമുണ്ടായി.   ഹൈദര്‍ മരയ്ക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തിലുണ്ടായിരുന്നില്ലെന്ന വാദവുമായി ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി സദസില്‍ നിന്ന് വേദിയിലേക്ക് കുതിച്ചെത്തി.

പൂര്‍ണമായും രാഷ്ട്രീയ ശരിയെന്ന അവകാശവാദവുമായെത്തുന്ന സിനിമകളെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്ന് ബി.ഉണ്ണികൃഷ്ണന്‍റെ വിമര്‍ശനം..തനിക്ക് പൂര്‍ണമായും ബോധ്യമുളള രാഷ്ട്രീയമാണ് സിനിമകളിലൂടെ മുന്നോട്ടു വച്ചിട്ടുളളതെന്ന് സിബി മലയിലും പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നയിച്ച സംവാദത്തില്‍ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,നടി ജോളി ചിറയത്ത് ,സാമൂഹ്യനിരീക്ഷക അഡ്വക്കേറ്റ് ആശ ഉണ്ണിത്താന്‍ എന്നിവരും പങ്കെടുത്തു.