പാട്ടു കഴിഞ്ഞ് ഞാന്‍ ആ കാലില്‍ വീണു; അനുഭവം പറഞ്ഞ് പാട്ടുകാരി: അഭിമുഖം

കൂടെപ്പാടിയ ഗായിക കരഞ്ഞ നിമിഷം. തെന്നിന്ത്യയുടെ പ്രിയപ്പെട്ട എസ്.പി.ബാലസുബ്രഹ്മണ്യം ആ കണ്ണീർ തുടച്ച നിമിഷം. പാട്ടിന്റെ വികാരഭാവങ്ങളെ സദാ നെഞ്ചോടുചേര്‍ക്കുന്ന മലയാളി ആ ദൃശ്യങ്ങളെയും ഏറ്റെടുത്തു. തൃശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ പുരസ്‌കാരദാന ചടങ്ങിൽ ആയിരുന്നു സംഭവം.  ഗായികയും അഭിനേത്രിയും ആയ കെ എസ് മനീഷ ആ അനുഭവം പങ്കുവെക്കുന്നു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന  ജനപ്രിയ പരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനീഷയാണ്.

അന്ന് എന്താണ് സംഭവിച്ചത്? 

അന്ന് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും അറിയില്ല. സ്വപ്ന ലോകത്താണ് ഈ നിമിഷവും. ദൈവ തുല്യനാണ് എസ് പി ബി എന്ന ഗായകൻ. അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാൻ കഴിയുന്നത്  തന്നെ ഭാഗ്യം. അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ സന്തോഷംകൊണ്ട് മനസ്സ് വിങ്ങി. മലരേ മൗനമാ എന്ന് അദ്ദേഹം എന്നെ നോക്കി ആണ് പാടിയത്. അതും കൂടി ആയപ്പോൾ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ പൊട്ടിക്കരഞ്ഞുപോയി. സ്നേഹത്തോടെ അദ്ദേഹം എന്റെ കണ്ണീർ ഒപ്പി. പിന്നീട് ഒട്ടും മടികൂടാതെ അത് അദ്ദേഹത്തിന്റെ ഡ്രസ്സിൽ തുടച്ചു. ഇത് ഇങ്ങനെ വൈറൽ ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഇപ്പോഴും അറിയില്ല ഇത് സത്യമാണോ സ്വപ്നമാണോ എന്ന്. 

എസ്.പി.ബി നൽകിയ പിന്തുണ? 

കോ സിംഗർക്ക് ഇത്രമേൽ പിന്തുണ നൽകുന്ന മറ്റൊരു ഗായകൻ ഇല്ല. കൂടെ ഹമ്മിങ് മാത്രം പാടാൻ പാർത്ഥൻ എന്ന ഗായകൻ ഉണ്ടായിരുന്നു. സ്റ്റേജിന് പുറകിൽ നിൽക്കുകയായിരുന്നു പാർത്ഥനെ അദ്ദേഹം കൂടെ നിർത്തി. പാർത്ഥന്റെ മൈക്കിന്റെ  ഓഡിയോ വ്യക്തമായിരുന്നില്ല. എസ്പിബി സ്വന്തം മൈക്ക് അദ്ദേഹത്തിന് പിടിച്ചു കൊടുത്തു. ആദരവ് കാരണം ഒപ്പം നിൽക്കാതെ ഒരു ചുവട്പിന്നിൽനിന്ന എന്നോട് അദ്ദേഹം കൂടെ നിൽക്കാൻ പറഞ്ഞു. ഒരു സിനിമയിൽ അഭിനയിക്കുന്ന പോലെയാണ് അദ്ദേഹം പാടിയത്. ഇത്രയും സഹാനുഭൂതി ഉള്ള മറ്റൊരു ഗായകൻ ഇല്ല. അദ്ദേഹത്തിന്റെ സംഗീതംപോലെ ശുദ്ധമാണ് അദ്ദേഹത്തിന്റെ മനസ്സും. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ കാലിൽ വീണു. അതിനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്. 

എങ്ങനെയാണ് അദ്ദേഹത്തിന്റെ കൂടെ പാടാൻ ഉള്ള ചാൻസ് കിട്ടിയത്? 

എസ് പി ബി വരുന്നുണ്ട് അറിയിച്ചപ്പോൾ മലരേ മൗനമാ എന്ന പാട്ട് എനിക്ക് പാടണമെന്ന് സംഘാടകരെ അറിയിച്ചിരുന്നു. അവർ അതിനുള്ള വഴിയൊരുക്കി തന്നു. മലരേ മൗനമാ മുൻപും ഞാൻ  പാടിയിട്ടുണ്ട്. പക്ഷേ ശരിക്കും സിനിമയിൽ പാടിയ ആളുടെ കൂടെ പാടുക അത് വല്ലാത്ത ഒരു ഫീൽ ആണ്. 

സംഗീതരംഗത്ത് വന്നതെങ്ങനെ? 

വീട്ടിൽ എല്ലാവരും വലിയ പിന്തുണയായിരുന്നു പാട്ട് പഠിച്ചിരുന്നു എങ്കിലും സീരിയസ് ആയി  എടുത്തിരുന്നില്ല. മുൻപ് ഗാനമേളകളിൽ പാടുമായിരുന്നു. "ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ" എന്ന പ്രശസ്ത ഭക്തിഗാനം ഞാൻ പാടിയതാണ്. പക്ഷേ ഭൂരിഭാഗം  പേർക്കും അത് അറിയില്ല. ആൽബങ്ങളിൽ അടക്കം നാലായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, കാണാകണ്മണി തുടങ്ങി നിരവധി സിനിമകളിലും പാടി. പക്ഷെ ജനങ്ങളിലേക്ക് എത്തിയ ഒരു പാട്ട് ഉണ്ടായിട്ടില്ല എന്ന സങ്കടം ഉണ്ട്. ഇപ്പോൾ നാല് പടങ്ങൾ ഇറങ്ങാൻ ഉണ്ട്. അവയിലേതെങ്കിലും ശ്രദ്ധിക്കപ്പെടും എന്നാണ് പ്രതീക്ഷ.

എന്തായാലും കഴിഞ്ഞ ദിവസത്തെ സംഭവത്തിനുശേഷം പാട്ട് സീരിയസ് ആയി പഠിക്കാൻ തീരുമാനിച്ചു. 

അഭിനയരംഗത്തേക്ക് വന്നത് എങ്ങനെ? 

അവിചാരിതം ആയിരുന്നു അത്. ദുബായിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്മാത്രയിലെ ഓഡിഷന് മകളെയും കൊണ്ട് പോയതാണ്. അവിടെ എത്തി മക്കൾക്ക് അഭിനയം പറഞ്ഞുകൊടുക്കുന്നത് സംവിധായകൻ ബ്ലെസ്സി ശ്രദ്ധിച്ചിരുന്നു. എന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെയാണ് അഭിനയിക്കുന്നത്. മോഹൻലാലിന്റെ ക്വാർട്ടേഴ്സിലെ അയൽക്കാരി ആയിട്ട്. പിന്നീട് സത്യൻ അന്തിക്കാടിന് രസതന്ത്രം, ഹൗസ് ഫുൾ, ത്രീജി, അപൂർവരാഗം, സ്വലേ തുടങ്ങി 15 ലധികം ചിത്രങ്ങൾ.

തട്ടീം മുട്ടിയും പരമ്പരയിലെ വാസവദത്ത ആയതെങ്ങനെ? 

ജനങ്ങൾ തിരിച്ചറിയുന്നത് തട്ടീം മുട്ടീം പരമ്പരയിലെ വാസവദത്ത ആയതിനു ശേഷമാണ്. നസീർ സംക്രാന്തി വഴിയാണ് അതിലേക്ക് എത്തിയത്. ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് വാസവദത്ത പാട്ടും  പാടുമോ എന്നാണ്.

സംഗീതം അഭിനയം ഏതാണ് കൂടുതൽ താല്പര്യം?

രണ്ടും വേണം. പാട്ട് ജീവശ്വാസം ആണ്. പക്ഷേ ജനങ്ങളിലേക്ക് എത്തിയത് അഭിനയം വഴിയാണ്. അതുകൊണ്ട് രണ്ടിനെയും മുറുകെപ്പിടിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം.