തീരുമാനം മാറ്റി നയൻസ്; ഫിലിം പ്രമോഷൻ പരിപാടികളിൽ നിറ സാന്നിധ്യമാകും

നയൻതാരയെക്കുറിച്ച് പൊതുവെ ഒരു വിമർശനമുണ്ട്. ഫിലിം പ്രമോഷൻ പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്ന്. എന്നാൽ ആ ആക്ഷേപം തീർക്കാനുള്ള ഒരുക്കത്തിലാണ് താരം. പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിലെല്ലാം നയൻസ് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സെയ് റാ നരസിംഹറെഡ്ഡിയുടെ പ്രചാരണത്തിനും വിജയ് നായകനാകുന്ന ബിഗിലിന്റെ ഓഡിയോ ലോഞ്ചിനും നയൻതാരയുടെ സാന്നിധ്യമുണ്ടായേക്കും.

അടുത്ത കാലത്ത് നയൻസ് കേന്ദ്രകഥാപാത്രമായതും നായികയായതുമായ എല്ലാ ചിത്രവും വൻ ഹിറ്റായി മാറിയിരുന്നു. തെന്നിന്ത്യൻ താരറാണി പട്ടം നേടിയ നയൻ താര പക്ഷേ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കാൻ അത്ര താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇനി മുതൽ അങ്ങനെയാകില്ലെന്ന് വേണം കരുതാൻ.