അന്ന് അംബാനി സ്വന്തമാക്കിയ ക്ലാസിക്ക് ആഡംബരം; ഇന്ന് ദുൽഖറും; പുതിയ അതിഥി

മമ്മൂട്ടിയ്ക്കും മകനും കാറുകളോടും ബൈക്കുകളോടുമുള്ള കമ്പം മലയാള സിനിമയ്ക്ക് തന്നെ സുപരിചിതമാണ്. ഇക്കൂട്ടത്തിൽ ഒരു ക്ലാസിക്ക് രാജാവിനെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740ഐഎല്ലാണ് താരത്തിന്റെ പുതിയ അതിഥി.

1994 മുതൽ 2001 വരെ നിർമിച്ച ബിഎംഡബ്ല്യു 7 ഇ 38 സീരിസിലെ  കാറുകളിലൊന്നാണ് ഇത്. 2002 ൽ ഇന്ത്യയിലേയ്ക്ക് ഇറക്കുതി ചെയ്ത കാറിൽ 4398 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. 290 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. യൂറോപ്യൻ രാജ്യങ്ങളിൽ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാറിന്റെ വളരെ കുറച്ച് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകൾ മാത്രമേ വിപണിയിലെത്തിയിട്ടുള്ളു.

റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയും 2001ൽ ബിഎംഡബ്ല്യു 7 (ഇ38) സീരിസ് ഇറക്കുമതി ചെയ്തിട്ടുണ്ട്. എൽ7 എന്ന സ്പെഷ്യൽ എഡിഷനായിരുന്നു അത്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഹെഡ്‌ലൈറ്റ് വാഷർ, റെയിൻ സെൻസറിങ് വൈപ്പർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, തുടങ്ങി അക്കാലത്ത് അത്യാഡംബരമായിരുന്ന നിരവധി ഫീച്ചറുകൾ കാറിലുണ്ട്.  കർട്ടൻ എയർബാഗുകളോടെ വിപണിയിലെത്തുന്ന ആദ്യ കാർ, സാറ്റ്‍ലേറ്റ് നാവിഗേഷൻ സിസ്റ്റ് നൽകുന്ന ആദ്യ യൂറോപ്യൻ കാർ, ബിൽഡ് ഇൻ ടെലിവിഷൻ സെറ്റോടുകൂടിയെത്തുന്ന ആദ്യ ബിഎംഡബ്ല്യു തുടങ്ങി നിരവധി സവിശേഷതകളുണ്ട് ഇ 38 സീരിസ് കാറിന്.