ശ്രീദേവി ബംഗ്ലാവി‌ൽ അതിഥിയായി അർബാസ് ഖാൻ; ചിത്രീകരണം പുരോഗമിക്കുന്നു

പുതുമുഖ മലയാളിതാരം പ്രിയ വാരിയരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുന്നു. നടി ശ്രീദേവിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന വിവാദത്തെ തുടർന്ന് ചിത്രം ഇതിനകം വാർത്തകളിൽ നിറഞ്ഞിരുന്നു. 

ഒരൊറ്റ കണ്ണിറക്കിലിലൂടെ താരമായി മാറിയ പ്രിയ വാരിയറുടെ ആദ്യ ബോളിവുഡ് ചിത്രത്തിൽ അതിഥിതാരമായി എത്തിയിരിക്കുന്നത്  ബോളിവുഡ് താരം അർബാസ് ഖാന്‍. ഇരുവരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുന്നത്.

ജനുവരിയിൽ ചിത്രത്തിന്റെ  ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദങ്ങളും ആളിക്കത്തിയിരുന്നു. ട്രെയിലറിൽ കാണിക്കുന്ന ബാത്ത് ടബ് രംഗങ്ങൾ ശ്രീദേവിയുടെ മരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സൂചനകളുയർന്നു. ചിത്രത്തിൽനിന്ന് ശ്രീദേവിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം. ശ്രീദേവി ബംഗ്ലാവ് എന്ന് റീലിസിനെത്തുമെന്നത് ഇനിയും സസ്പെൻസ്.പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കേഴ്സാണ് പ്രിയയുടെ അടുത്ത ബോളിവുഡ് ചിത്രം.