റോസിനൊപ്പം ഡോറിൽ കയറി രക്ഷപെടാമായിരുന്നില്ലേ? ‘ജാക്കി’ന്റെ മറുപടി; വിഡിയോ

ലോകം മുഴുവൻ ഒരു പോലെ ഇഷ്ടപ്പെടുന്ന പ്രണയചിത്രമാണ് ടൈറ്റാനിക്. ചിത്രത്തിലെ ജാക്കിനേയും റോസിനെയും ഒക്കെ അത്രമാത്രം നെഞ്ചേറ്റിയവരാണ് നമ്മൾ. എന്നാൽ സിനിമ പുറത്തിറങ്ങിയ കാലം തൊട്ട് ഉയരുന്ന ഒരു സംശയമുണ്ട്. ചിത്രത്തിൽ റോസ് രക്ഷപെടുകയും തണുത്തുറഞ്ഞ കടലിൽ കിടന്ന് ജാക്ക് മരിക്കുകയുമാണ് ചെയ്യുന്നത്.  റോസ് രക്ഷപെടാൻ കയറിയ ഡോറില്‍ ജാക്കിനും കയറാമായിരുന്നില്ലേ എന്നതാണ് ആ സംശയം. 

വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ഇപ്പോഴിതാ ഇതേ ചോദ്യം ജാക്കായി വേഷമിട്ട പ്രശസ്ത ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയും നേരിട്ടിരിക്കുകയാണ്. ഡികാപ്രിയോ നായകനാകുന്ന പുതിയ ചിത്രം 'വൺസ് അപ്ഓൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന സിനിമയുടെ പ്രമോഷനിടയിലായിരന്നു ചോദ്യം. ഡികാപ്രിയോയ്ക്കൊപ്പം ചിത്രത്തിൽ മറ്റൊരു ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റും അഭിനയിക്കുന്നുണ്ട്. 

ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ള ഡോറായിട്ടും എന്തുകൊണ്ട് കയറിയില്ല എന്ന ചോദ്യം  ബ്രാഡ് പിറ്റും ചോദിച്ചു. എന്നാൽ താന്‍ ഇതിന് പ്രതികരിക്കുന്നില്ല ‌എന്നാണ് ഡികാപ്രിയോ ആവർത്തിച്ച് നൽകിയ മറുപടി. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.