കടലിന് അടിയിൽ പോയി ടൈറ്റാനിക്ക് കാണാം; 10 ദിവസത്തെ യാത്ര; ചെലവ്..

ടൈറ്റാനിക്. എന്ന പേര് കേൾക്കുമ്പോൾ ലോകത്തെ നടുക്കിയ ദുരന്തവും അതേ സമയം ഇതിഹാസമായ ഒരു സിനിമയും ഓർമയിൽ വരും. ആദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിൽ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് താണുപോയ കൂറ്റൻ കപ്പൽ. ഇന്നും കപ്പലിന്റെ അവശിഷ്ടങ്ങൾ ആ ദുരന്തത്തിന്റെ ഓർമയായി കടലിനടിയിലുണ്ട്.

കടലിന് അടിയിൽ പോയി ആ ഇതിഹാസ കപ്പൽ കാണണം എന്ന സ്വപ്നമുള്ളവർക്ക് അവസരമൊരുങ്ങുകയാണ്. ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനിയാണ് ടൈറ്റാനിക്കിനെ നേരിട്ടു കാണാൻ അവസരമൊരുക്കുന്നത്.

അടുത്ത വർഷം മുതൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള സബ്‌മെർസിബിൾ റെക്ക് സൈറ്റിലേക്ക് ഇറങ്ങാനും ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാനും സാധിക്കും. ടൈറ്റാനിക് നേരിട്ട് കാണണമെങ്കിൽ, മുൻ‌കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിന് ആദ്യം ഒരു മിഷൻ സ്പെഷലിസ്റ്റ് ആകണം. മുഴുവൻ യാത്രയ്ക്കും കൂടി ഏകദേശം 125,000 ഡോളർ നൽകേണ്ടിവരും. ചെലവ് ഭീമമാണെങ്കിലും ഓഷ്യൻ‌ഗേറ്റ് വാഗ്ദാനം ചെയ്യുന്നത് അസാധ്യമായ ഒരു അനുഭവമാണ്.

ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതൽ എട്ട് മണിക്കൂർ വരെ നീളും. മറ്റ് കാഴ്ചകൾക്കായി മൂന്നു മണിക്കൂറും. ഏകദേശം പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്.