നിയന്ത്രണം തെറ്റി അന്തര്‍വാഹിനി ടൈറ്റാനിക്കില്‍ ഇടിച്ചു; ഒരുഭാഗം ഇളകിമാറി

ഭീതിയും കൗതുകവും ഇപ്പോഴും ബാക്കിയാക്കുന്ന ഒരുപേരാണ് ടൈറ്റാനിക്ക്. 1912 ഏപ്രിൽ 15ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ഭീമന്‍ കപ്പല്‍ നൂറ്റാണ്ടിനിപ്പുറവും വാര്‍ത്തകളിലും സിനിമയിലും നിറയുന്നു. ഏകദേശം 12,000 അടി ആഴത്തിൽ ഇപ്പോഴും ടൈറ്റാനിക്ക് കടലിന്റെ ആഴങ്ങളിലുണ്ട്. ഇപ്പോഴിതാ ടൈറ്റാനിക് അവശിഷ്ടത്തിൽ അന്തർവാഹിനി ചെന്നിടിച്ചതാണു പുതിയ സംഭവം.എയോസ് പര്യവേഷണത്തിന്റെ ഭാഗമായി ട്രൈറ്റൻ എന്ന അന്തർവാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയതും.

എന്നാല്‍ ഇൗ അന്തര്‍വാഹിനി ടൈറ്റാനിക് അവശിഷ്ടത്തിൽ ഇടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റാനിക്കിന്റെ മുൻഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റൺ സംഘവും സമ്മതിച്ചു. അവിടെ നിന്ന് ഒരു ഭാഗം ഇളകിമാറുകയും ചെയ്തു. എന്നാൽ അതു വലിയ പരുക്കൊന്നുമല്ലെന്നാണു സംഘം പറയുന്നത്. അതിശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തർവാഹിനി കപ്പലിൽ ഇടിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ആർഎംഎസ് ടൈറ്റാനിക് കോർപറേഷൻ എന്ന കമ്പനിക്കാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ എടുക്കാൻ നിയമാനുസൃതമായി അനുമതിയുള്ളത്.  

2019 ജൂലൈയിലായിരുന്നു സംഭവം. പര്യവേക്ഷക സംഘം മറ്റൊരുകാര്യം കൂടി വ്യക്തമാക്കുന്നു. 40 വർഷത്തിനകം ടൈറ്റാനിക് പൂർണമായും കടലിനടിയിൽ നിന്നു മാഞ്ഞുപോകുമെന്നാണ് സംഘം വെളിപ്പെടുത്തുന്നത്. ലോഹങ്ങൾ തിന്നുതീർക്കുന്ന ബാക്ടീരിയങ്ങൾ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പൽ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂർണമായും അവ തിന്നുതീർത്തെന്നും സംഘം വെളിപ്പെടുത്തുന്നു.