ആശങ്കയും അസ്വസ്ഥതയും തോന്നി; 'ആടൈ'യിലെ ആ രംഗം ചെയ്തത് ബുദ്ധിമുട്ടി; അമല പോൾ

ആടെ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും  അമല പോൾ. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. ട്രെയിലറിലെ വിവാദമായി മാറിയ രംഗത്തെക്കുറിച്ചും അമല പോള്‍ പ്രതികരിച്ചു. 

''എനിക്ക് ഒരുപോലെ പേടിയും അസ്വസ്ഥതയുമുണ്ടായിരുന്നു. സെറ്റിൽ പതിനഞ്ചോളം ടെക്നീഷ്യൻമാര്‍ ഉണ്ടായിരുന്നു. ആളുകൾക്ക് മുൻവിധികളുണ്ടാകും. പക്ഷേ ആടൈ ഒരു സത്യസന്ധമായ ശ്രമമാണ്'', അമല പോൾ പറ‍ഞ്ഞു. സംവിധായകനെയും ടെക്നീഷ്യൻമാരെയും പൂർണമായി വിശ്വസിച്ചതുകൊണ്ടാണ് താൻ ആ ചിത്രം ചെയ്തതെന്നും താരം പറയുന്നു. 

''സിനിമ ഉപേക്ഷിച്ചാലോ എന്ന ചിന്തയിലിരിക്കുന്ന സമയത്താണ് ആടൈ വരുന്നത്. പലരും സ്ത്രീകേന്ദ്രീകൃതമായ കഥകളുമായി സമീപിച്ചിട്ടുണ്ട്, പക്ഷേ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടവ ആയിരുന്നില്ല. ആടൈയിലെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. ഇതൊരു തമിഴ്സിനിമയാണെന്നു പോലും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല'', അമല പോൾ‌ കൂട്ടിച്ചേർത്തു.