ഇത് ഭീതി പരത്താത്ത ‘വൈറസ്’; കയ്യടിപ്പിച്ച് ആഷിഖും ടീമും: ‘നിപ’ അനുഭവ സാക്ഷ്യം

ഇൗ ‘വൈറസ്’ ഭീതി പരത്തുന്നതല്ല. അതിജീവനത്തിന്റെ ബലം പകരുന്നതാണ്. ഇത് വൈറസ് എന്ന സിനിമ പകരുന്ന ആശയത്തിന്റെ ആകെത്തുക. വൈറസ് എന്ന സിനിമയെ കുറിച്ച് പറയാൻ ഒട്ടേറയുണ്ട്. എഴുത്തിലും ക്യാമറയിലും എടുപ്പിലും അഭിനയത്തിലും മികച്ചത് എന്നതിനൊപ്പം പ്രേക്ഷകനെ കുരുക്കുന്നത് ആരാണ് ഏറ്റവും മികച്ചത് എന്ന ചോദ്യമാണ്. കൂട്ടായ്മ കൊണ്ട് മലയാളി നിപയെ തുരത്തിയപ്പോൾ  മഹത്തായ വലിയ കൂട്ടായ്മ കൊണ്ട് ആഷിഖ് അബുവും സംഘവും തിയറ്ററർ നിറയ്ക്കുന്നു. ഒരു കൂട്ടായ്മയുടെ വിജയമെന്ന് ഒറ്റവരയിൽ വിധിയെഴുതാം ഇൗ വൈറസിനെ. 

ഒരു ഡോക്യുമെന്ററിയിലേക്ക് വഴുതി വീഴാതെ സിനിമ എന്ന രേഖയിലേക്ക് വരച്ചിട്ട വൈറസിന്റെ വളർച്ച തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവ് വെളിവാക്കുന്നു.

നിപ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളജിനുള്ളിൽ നിൽക്കുന്ന അനുഭൂതി തിയറ്ററിൽ  എസിയിലിരിക്കുന്ന പ്രേക്ഷകന് ലഭിക്കുന്നിടത്ത് നിന്നാണ് കഥ പറഞ്ഞു തുടങ്ങുന്നത്. വായിച്ചും കേട്ടും അനുഭവിച്ചും അറിഞ്ഞ മുഹൂർത്തങ്ങളെ എങ്ങനെ വേറിട്ട അവതരണം സമ്മാനിക്കാം എന്ന ചിന്ത വിജയിച്ചത് അമ്പരപ്പിക്കുന്ന കാസ്റ്റിങ്ങിലൂടെയാണ്. താരങ്ങളുടെ ആധിപത്യമല്ല നല്ല മുഹൂർത്തങ്ങളുടെ ആഘോഷമാണ് ഈ സിനിമ. ആസിഫ് അലി എന്ന നടന്റെ കണ്ണുനിറയുമ്പോൾ ഉള്ളുനീറുന്നത് അയാളിലെ നടനെയോർത്ത് മാത്രമല്ല ആ കഥാപാത്രത്തിൽ അത്രത്തോളം അയാൾ ലയിച്ചു ചേർന്നത് കൊണ്ടാണ്. ടൊവിനോയും കുഞ്ചാക്കോ ബോബനും രേവതിയും ശ്രീനാഥ് ഭാസിയും ഒക്കെ വന്നു പോകുന്ന ഇടവേളകളിൽ സിനിമ അഭിനേതാവിനപ്പുറം വളരുന്ന ജീവിതമാകുന്നത് ആഷിക് അബു കാട്ടിത്തരുന്നു. 

റിമ കല്ലിങ്കൽ എന്ന നടിയുടെ കണ്ണിലും വാക്കിലും സിസ്റ്റർ ലിനിയുടെ ജീവിതത്തിന്റെ പകർപ്പ് കാണാൻ പ്രേക്ഷകന് കഴിയുന്നുണ്ട്. പാർവതിയും സൗബിനും ഒരുമിച്ചെത്തുന്ന സീനിൽ മാസ്ക് കൊണ്ട് മറച്ച കണ്ണിലൂടെ ഭീതി പകരുന്ന പാർവതിയും മരണം മുന്നിൽ കാണുന്ന രോഗിയുടെ ഭീതി ശരീരത്തിന്റെ ഒാരോ ചലനത്തിലും എന്തിന് കണ്ണിന്റെ ഇമ വെട്ടലിൽ പോലും നിറച്ച് സൗബിനും മൽസരിക്കുന്നു. മുഹ്സിന്‍ പരാരിയും സുഹാസുമ ഷറഫുവും ചേർന്നൊരുക്കിയ തിരക്കഥ കാലങ്ങളിലേക്കുള്ള മികച്ച ഉദാഹരണമാണ്. ഒരു യഥാർഥ സംഭവത്തിന്റെ ആത്മാവ് ഉൾക്കൊണ്ട് സിനിമ എന്ന മാധ്യമത്തോട് ചേർത്തുവയ്ക്കുന്നതിൽ. അതിനൊപ്പം ആഷിക് അബു മാജിക് കൂടി ചേരുമ്പോൾ സിനിമ തിയറ്റർ വിട്ട് ജനത്തിനൊപ്പം ചേരുന്നു. 

നിപ എന്ന രോഗത്തിന്റെ ഭീതിയല്ല, മറിച്ച് ഇങ്ങനെ അതിജീവിച്ച നമുക്ക് ഇനി എന്തിനെയും നേരിടാനുള്ള കരുത്തുണ്ടെന്ന് എഴുതി ചേർക്കുന്നു വൈറസ്.