ഇങ്ങനെ ഇരുന്നാൽ മതിയോ; വെറുതേ ഇരിക്കുമ്പോൾ ഉമ്മക്ക് ടെൻഷൻ; ദുൽഖർ; ചിരി

ഇടവേളക്കു ശേഷം ഒരു യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലൂടെ ദുല്‍ഖർ സൽമാന്‍ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ്. ഇടവേളയിൽ തന്നെക്കാൾ ടെന്‍ഷൻ ഉമ്മക്ക് ആണെന്നു പറയുന്നു താരം, മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ ചാറ്റ് ഷോയിലാണ് ദുൽഖർ മനസു തുറന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരും ചാറ്റ് ഷോയിൽ പങ്കെടുത്തു. 

''മലയാളത്തിൽ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോൾ ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്. ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ ? ഇന്നു കഥ ഒന്നും കേൾക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാൻ ആണെങ്കിൽ നാളെ ഒരു കഥ കേൾക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോൾ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും'', ദുൽഖർ പറഞ്ഞു. 

ചാറ്റ് ഷോയുടെ ടീസറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വിഡിയോയുടെ പൂർണരൂപം ഏപ്രിൽ 24–ന് പുറത്തിറങ്ങും.

താൻ നിർമാതാവാകാന്‍ പോകുന്ന കാര്യവും ഇന്നലെ ദുല്‍ഖർ അറിയിച്ചിരുന്നു. ബാനറിന്റെ പേര് ഉടനെ അറിയിക്കാമെന്നും പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.