അറിയാതെ തൊട്ടരികെ വന്നു ബച്ചന്‍ പറഞ്ഞു‍; ബിഗ് ബിക്കൊപ്പം ചങ്ങനാശ്ശേരിക്കാരൻ; അഭിമുഖം

ആദ്യം കണ്ടപ്പോൾ ഈ പയ്യനൊരു ബോളിവുഡ് ലുക്ക് ഉണ്ടല്ലോ എന്ന് കാഴ്ചക്കാരിൽ പലരും പറഞ്ഞു. ഇതേതോ നോർത്ത് ഇന്ത്യൻ താരമാണെന്ന് ചിലര്‍ സംശയിച്ചു. പക്ഷേ, പയ്യന്‍ മലയാളിയാണ്, ചങ്ങനാശ്ശേരിക്കാരനാണ്. ആ ബോളിവുഡ് ലുക്ക് മാത്രമല്ല കഴിവും തുണച്ചു. ‌നാലു മലയാളചിത്രങ്ങൾക്കു ശേഷം നേരെ പറന്നത് മുംബൈയിലേക്ക്, ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ, അതും സാക്ഷാൽ അമിതാബ് ബച്ചനൊപ്പം. 

അഭിനയമെന്നത് കുട്ടിക്കാലമോഹങ്ങളിൽ പോലുമില്ലാതിരുന്ന ടോണി ലൂക്ക് എന്ന ചെറുപ്പക്കാരനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏറ്റവും പുതിയ ചിത്രം ബദ്‍ല വിജയകരമായ പ്രദർശനം തുടരുന്നു. അമിതാബ് ബച്ചനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും സിനിമാസ്വപ്നങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ടോണി മനോരമ ന്യൂസ്ഡോട്ട്കോമിനോട്:

''എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതിൽ കൂടുതലും നല്ല പ്രതികരണങ്ങളാണ്. വിമർശകരും ഉണ്ട്. ഏതായാലും ത്രില്ലിലാണ്. ആദി കണ്ടിട്ടാണ് സുജോയ് ഘോഷ് ബാ‍ദ്‍ലയിലേക്ക് വിളിക്കുന്നത്. ആദ്യാവസാനം കാഴ്ചക്കാരെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന ഒരു മുഴുനീള ത്രില്ലർ സിനിമ‌യാണിത്''.

ബിഗ് ബിക്കൊപ്പം

''അത് എല്ലാവരുടെയും സ്വപ്നമല്ലേ. ലൊക്കേഷനിൽ എത്തിയപ്പോൾ അദ്ദേഹം അഭിനയിക്കുന്ന ഒരു സീൻ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ മറ്റെങ്ങോ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്‍റെ അടുത്ത് വന്നത്. അത് ഞാനറിഞ്ഞതുമില്ല. അടുത്ത് വന്ന് എന്നോട് ബോളിവു‍ഡിലേക്ക് സ്വാഗതം എന്നു പറ‍‍ഞ്ഞു. വളരെ സിംപിൾ ആയ മനുഷ്യനാണ്. താരജാ‍ഡകളില്ല. അദ്ദേഹത്തിൽ നിന്നും ഒരുപാട് കണ്ടുപഠിച്ചു, അഭിനയത്തിലും പെരുമാറ്റത്തിലും''.

ഊഴത്തിലേക്ക്

''മോഡലിങ്ങ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരു ഷോര്‍ട്ഫിലിമിൽ അഭിനയിച്ചിരുന്നു. അത് കണ്ടിട്ടാണ് ജിത്തു ജോസഫ് ഊഴത്തിലേക്ക് വിളിക്കുന്നത്. ആ ബന്ധം ആദിയിലേക്കുമെത്തിച്ചു. ഇതിനിടെ സഖാവ് ചെയ്തു. പൃഥ്വിരാജിനൊപ്പം 9'ലും അഭിനയിച്ചു.

മോളിവുഡും ബോളിവുഡും

''ക്രിയേറ്റീവ് തലത്തിൽ വ്യത്യാസങ്ങളൊന്നും തോന്നുന്നില്ല. മുതൽമുടക്കിലും ചില സാങ്കേതികതയിലും മാത്രമേ വ്യത്യാസമുള്ളൂ''.

ഇഷ്ടതാരങ്ങൾ

''മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകൾ കാണാറുണ്ട്. രണ്ടുപേരും മാതൃക തന്നെയാണ് അഭിനയത്തിൽ. പക്ഷേ, ഞാനൊരു മോഹൻലാൽ ഫാനാണ്. വീട്ടിൽ അച്ഛൻ പൃഥ്വിരാജ് ആരാധകനാണ്. അമ്മയും സഹോദരിയും മമ്മൂട്ടി ആരാധകരാണ്. പുതുതലമുറ നടൻമാരില്‍ ഫഹദ് ഫാസിലിനെ ഇഷ്ടമാണ്. ഫഹദിന്‍റെ കുമ്പളങ്ങി നൈറ്റ്സ് മാത്രമേ ഇനി കാണാനുള്ളൂ. സിനിമാതിരക്കായതു കൊണ്ടാണ് കാണാൻ സാധിക്കാത്തത്''.

അഭിന‌യത്തിലേക്ക്

''അഭിനയമോഹം ഒട്ടുമില്ലായിരുന്നു. മോഡലിങ്ങാണ് തുടക്കം. ഊഴം ചെയ്തു കഴിഞ്ഞപ്പോള്‍ അഭിനയം വഴങ്ങും എന്ന ആത്മവിശ്വാസം ലഭിച്ചു. ഓരോ ചിത്രങ്ങൾ കഴിഞ്ഞപ്പോഴും അത് കൂടി''. 

പുതിയ സിനിമകൾ

''ബദ്‍ലക്കു ശേഷം രണ്ട് ബോളിവുഡ് സിനിമകൾക്കു വേണ്ടിക്കൂടി കരാർ ഒപ്പിട്ടുണ്ട്. ഒരു വെബ്സീരിസിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിച്ചുവരികയാണ്. അന്താരാഷ്ട്ര താരങ്ങളായിരിക്കും അതിൽ അഭിനയിക്കുക. ഏതു ഭാഷയിലായാലും എല്ലാ നടന്‍മാരെയും പോലെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ജിത്തു ജോസഫുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹമാണ് സിനിമയിലെത്തിച്ചത്. ജിത്തു ജോസഫ് വിളിച്ചാൽ ഒന്നും നോക്കാതെ അത് ഏറ്റെടുത്തിരിക്കും''.