വേദിയിൽ അധ്യക്ഷൻ നായികയെ ‘സൂപ്പർ ഫിഗറെ’ന്ന് വിളിച്ചു; പൊട്ടിത്തെറിച്ച് ശ്രീകാന്ത്; വിഡിയോ

മീടു ക്യാംപെയിനാണ് ഉപകരണം എന്ന നിലയിൽ സ്ത്രീയെ നോക്കി കാണുന്നവരെ തിരുത്തുന്ന ഒരു ശക്തിയായി മാറിയത്. അപമാനിതരായ ഒരു പറ്റം സ്ത്രീകൾ തങ്ങൾക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തു വന്നു. ഇന്ത്യയിലെയും വിദേശത്തെയും നിർമ്മാതാക്കളും സംവിധായകരും സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ തങ്ങളുടെ മേഖലയിൽ നടക്കില്ലെന്ന് ഉറപ്പു വരുത്താൻ തുടങ്ങി.

തമിഴിലാണ് ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായത്. താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റ് വിശാൽ ശക്തമായ നടപടികളാണ് കൈക്കൊണ്ടത്. ഇത്തരം ആരോപണങ്ങൾ പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാൽ അറിയിച്ചിരുന്നു. സ്ത്രീകളെ പരസ്യമായി വേദിയിൽ  സീനിയർ നടൻമാർ അപമാനിക്കുന്നുവെന്നത് തമിഴ്– തെലുങ്ക് സിനിമാരംഗത്ത് നിരന്തരമായി ഉയർന്നു കേൾക്കുന്ന പരാതിയാണ്. നടി ഇനിയ, അനുഷ്ക തുടങ്ങിയവർക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിരുന്നു.      

അനുഷ്ക ഷെട്ടിയെ വേദിയിൽ വച്ച് എല്ലാവരും തിന്നാൻ കൊതിക്കുന്ന ചൂടൻ ജില്ലേബി എന്ന് പരസ്യമായി അഭിസംബോധന ചെയ്ത് തെലുങ്കിലെ  പ്രശസ്ത ഹാസ്യ താരം അലി സംസാരിച്ചത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.അനുഷ്‌ക ഒരു ഹോട്ട് ജിലേബിയാണ്. സാധാരണയിലും കവിഞ്ഞ ഫീച്ചറുകളാണ് ഉള്ളത്. എല്ലാവരും തിന്നാല്‍ കൊതിക്കുന്ന ഒരു ഹോട്ട് ജിലേബി പോലെയാണ് അവര്‍ -തുടയില്‍ അടിക്കാന്‍ നിങ്ങള്‍ മറ്റേ നടിയോട് (സോനാല്‍ ചൗഹാനോട്) പറഞ്ഞില്ലേ. അവര്‍ക്ക് അത്ര വലിയ തുട ഇല്ല. അനുഷ്‌കയ്ക്ക് അങ്ങനെ അല്ല. ബില്ലയില്‍ അനുഷ്‌ക ബിക്കിനിയിട്ട് അഭിനയിച്ചത് കണ്ടപ്പോള്‍ താന്‍ ഫാനായി മാറിയതാണ്. ഇങ്ങനെയായിരുന്നു ആക്ഷേപം. അലിയുടെ സ്ത്രീവിരുദ്ധ കമന്റുകൾക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് തമിഴ്– തെലുങ്ക് സിനിമാലോകത്തു നിന്ന് ഉയർന്നത്. 

അനുഷ്ക ഷെട്ടിയുടേതിന് സമാനമായ അപമാനം ഇത്തവണ നേരിടേണ്ടി വന്നത് 'ഉന്‍ കാതല്‍ ഇരുന്താല്‍'. എന്ന ശ്രീകാന്ത് ചിത്രത്തിലെ നായിക ചന്ദ്രികാ രവിയ്ക്കാണ്. സൂപ്പർ ഫിഗർ എന്നായിരുന്നു അധ്യക്ഷൻ വേദിയിൽ വച്ച് ചന്ദ്രികാ രവിയെ അഭിസംബോധന ചെയ്തത്. എന്നാൽ വേദിയിലെത്തിയ ശ്രീകാന്ത് അധ്യക്ഷന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. ഒരു സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരു നടി എന്ന നിലയിലും അവരെ പരിഗണിക്കാതെ ശരീരമായി പരിഗണിച്ചതിൽ ഞാൻ മാപ്പു ചോദിക്കുന്നു.

സിനിമയിൽ സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങൾ ഉപയോഗിക്കുന്ന ഡയലോഗുകൾ സാധാരണ ജീവിതത്തിൽ നിങ്ങൾ ഉപയോഗിക്കരുത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം ഡയലോഗുകൾക്ക് സിനിമയിൽ ആണെങ്കിലും ന്യായികരണമില്ല. സൂപ്പർഫിഗർ എന്നൊരു സ്ത്രീയെ വിളിക്കുന്നത് അത്രമാത്രം അപമാനകരമാണ്. സ്ത്രീകളെ പരിഗണിക്കുകയും ബഹുമാനിക്കുകയും വേണം– ശ്രീകാന്ത് പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് എന്ന വലിയ ചടങ്ങ് നടക്കുമ്പോൾ ഇത്തരത്തിൽ ഒരു നായികയെ അപമാനിക്കുന്നതിന് ന്യായികരണമില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ഒരു കാലത്ത് തമിഴിലെ മുൻനിരതാരമായിരുന്ന ശ്രീകാന്ത് വലിയ ഒരു ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാലോകത്ത് സജീവമാകുന്ന സിനിമയാണ് 'ഉന്‍ കാതല്‍ ഇരുന്താല്‍'.