മലയാളികളെ വിശ്വസിച്ചു; അങ്ങനെ അനുശ്രീ 'ഓട്ടർഷ' ഓടിച്ചു: സുജിത് വാസുദേവ്; അഭിമുഖം

സാധാരണക്കാരുടെ കഥ പറയുന്ന കൊച്ചുസിനിമയാണ് സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന ചിത്രം. അനുശ്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം മികച്ച പ്രതികരണം നേടി ഓട്ടം തുടരുകയാണ്. ഓട്ടർഷയുടെ വിശേഷങ്ങൾ‌ പങ്കുവെക്കുകയാണ് സുജിത് വാസുദേവൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട്. 

വലിയ താരബഹളമൊന്നുമില്ലാത്ത കുഞ്ഞുസിനിമയാണ് ഓട്ടർഷ. സ്ത്രീപക്ഷസിനിമ എന്ന നിലയിലാണ് ഓട്ടർഷയുടെ ഓട്ടം. സ്ത്രീകളും കുട്ടികളുമാണ് സിനിമ കണ്ട് ഏറ്റവുമധികം നല്ല അഭിപ്രായങ്ങൾ പറയുന്നതെന്ന് സുജിത് പറയുന്നു. 

രാഷ്ട്രീയമില്ല, ജീവിതം മാത്രം

കണ്ണൂരിനെപ്പറ്റിയുള്ള എല്ലാ ചിത്രങ്ങളും രാഷ്ട്രീയം മാത്രം പറഞ്ഞുപോയവയാണ്. സാധാരണക്കാരായ ആളുകളുടെ ജീവിതം പറഞ്ഞുപോകാൻ മാത്രമാണ് ഉദ്ദേശിച്ചത്. ഏറ്റവും നല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുള്ള സ്ഥലം കണ്ണൂരും കോഴിക്കാടുമാണെന്നാണല്ലോ പറയാറ്. ഓട്ടോറിക്ഷ തൊഴിലാളികളുടെ കഥ പറയാൻ കണ്ണൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു. 

എന്തുകൊണ്ട് അനുശ്രീ?

തമിഴിൽ വലിയ ഹിറ്റായ അരുവി എന്ന ചിത്രം നോക്കുക. നയൻതാരയെപ്പോലുള്ള വലിയ താരങ്ങളെ വെച്ച് ചെയ്യാമായിരുന്നിട്ടും അതിഥി ബാലൻ എന്ന പുതുമുഖത്തെ വെച്ചാണ് അവരീ സിനിമ ചെയ്തത്. അതുപോലെയുള്ള പരീക്ഷണങ്ങൾ മലയാളസിനിമയിലും നടക്കേണ്ടതുണ്ട്.  

ഓട്ടർഷയിലെ അനിതയെ അവതരിപ്പിക്കുന്നത് വലിയ താരപരിവേഷവുമില്ലാത്ത ഒരാളായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരു സാധാരണ പെൺകുട്ടിയാണ് അനിത. അതുകൊണ്ട് സാധാരണ ജനങ്ങളുമായി അടുത്തുനിൽക്കുന്നയാൾ വേണമെന്നുണ്ടായിരുന്നു.  ആദ്യ ഓപ്ഷൻ അനുശ്രീയല്ലായിരുന്നു. ഒരുപാട് ചർച്ചകൾ നടന്നു. അങ്ങനെയാണ് അനുശ്രീയിലേക്കെത്തുന്നത്. അവസാന ഓപ്ഷൻ അനുശ്രീ തന്നെയായിരുന്നു. തള്ളിക്കളയാൻ പറ്റാത്ത ഒരു നടി തന്നെയാണ് അനുശ്രീ. 

എല്ലാ സിനിമയെപ്പോലെ തന്നെയുള്ള റിസ്ക് ഫാക്ടറുകളെ ഈ ചിത്രത്തിലുമുണ്ടായിരുന്നുള്ളൂ.  അനിതയെ മലയാളികള്‍ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സത്യമായി. 

ട്രാക്ക് എടുക്കാനെത്തി, അനുശ്രീക്ക് ശബ്ദം നൽകി

കണ്ണൂർ ഭാഷ പരിചയമില്ലാത്തവർക്ക് പൊതുവെ വഴങ്ങാൻ പ്രയാസമാണ്. അതുപോലെ തന്നെയായിരുന്നു അനുശ്രീക്കും. എങ്കിലും ആദ്യം അനുശ്രീ തന്നെ ഡബ്ബ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അനുശ്രീക്ക് ട്രാക്ക് എടുക്കാനെത്തിയതാണ് സ്നേഹ പലിയേരി. സ്നേഹയുടെ ശബ്ദത്തിന് അനുവിന്റെ ശബ്ദവുമായി സാമ്യം തോന്നി. അങ്ങനെയാണ് സ്നേഹ അനുശ്രീക്ക് ശബ്ദം നൽകുന്നത്. 

ഈട എന്ന ചിത്രത്തിൽ നിമിഷക്ക് ശബ്ദം നൽകിയതും സ്നേഹയാണ്.