ചേട്ടന്റെ പിറന്നാളിന് അർധരാത്രിയിൽ സദ്യ വിളമ്പി അനുശ്രീ; ഒപ്പം സ്നേഹസമ്മാനവും; ചിത്രങ്ങൾ

ചേട്ടന്റെ പിറന്നാളിന് അർധരാത്രിയിൽ സദ്യ വിളമ്പി നടി അനുശ്രീ. ഉറങ്ങുകയായിരുന്ന ചേട്ടനേയും ചേട്ടത്തിയമ്മയേയും വിളിച്ചുണർത്തിയാണ് പിറന്നാൾ ദിനത്തിൽ അനുശ്രീ സദ്യ വിളംബിയത്. അങ്ങനെ ചേട്ടന്റെ പിറന്നാൾ ദിനത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ചിരിക്കുകയാണ് ഇൗ അനുജത്തി. ചേട്ടന്റെ സുഹൃത്തുക്കളേയും അടുത്തബന്ധുക്കളേയും അനുശ്രീ പിറന്നാൾ ആഘോഷത്തിന് വിളിച്ചിരുന്നു.

‘പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം ...’–അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സദ്യ നൽകി പണികൊടുത്ത അനുശ്രീ ചേട്ടന് വിലമതിക്കാനാകാത്ത മറ്റൊരു സമ്മാനം കൂടി നൽകി. ഒരു ആഡംബര ബൈക്ക്. പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

പെങ്ങന്മാരായാൽ ഇങ്ങനെ വേണമെന്നും എല്ലാവർക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകർ ചിത്രത്തിനു താഴെ അഭിപ്രായപ്പെട്ടു.