സുരാജും ഇന്ദ്രജിത്തും; യഥാര്‍ഥ സംഭവം പറഞ്ഞ് 'പത്താം വളവ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജോസഫിനു ശേഷം സംവിധായകൻ എം. പത്മകുമാർ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പത്താം വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ.

യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം എം സ്.

ചിത്രത്തിന്റ ഛായാഗ്രഹണം രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌,തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു..