‘നന്ദി ട്രോളര്‍മാരേ നന്ദി; യു ട്യൂബ് വരുമാനവും വ്യൂസും കുതിക്കുന്നു’; ഡിസ്‌‌ലൈക്കുകളിലും സന്തോഷിച്ച് ഒമര്‍ ലുലു

നന്ദി ട്രോളൻമാരേ ഒരായിരം നന്ദി... സംവിധായകൻ ഒമര്‍ ലുലുവിന്‍റേതാണ് വാക്കുകള്‍.  കേരളം ഒറ്റക്കെട്ടായി ഏറ്റുപാടിയ മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ റെക്കോർഡും തകർത്ത് മറികടന്ന് മുന്നേറുകയാണ് ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ പുതിയ ഗാനമെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യൽ ലോകത്ത് ട്രോളുകളും ഡിസ്ൈലക്ക് ക്യാംപെയിനും തകർക്കുമ്പോൾ ഒമർ ലുലുവും സംഘവും മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു.

‘രണ്ടാമത്തെ ഗാനവും സോഷ്യൽ ലോകത്ത് വൻതരംഗമായി മുന്നേറുകയാണ്. യൂട്യൂബിൽ പാട്ട് കണ്ടവരുടെ എണ്ണം അത് സൂചിപ്പിക്കുന്നു. അതിനൊപ്പം ഇപ്പോൾ ടെൻഡിങ് ഒന്നാമതായി നിൽക്കുന്നു. ഇൗ ചിത്രത്തിന്റെ തലവര തന്നെ മാറ്റിയ മാണിക്യ മലരായപൂവി എന്ന ഗാനം ആദ്യ ദിനം ഉണ്ടാക്കിയ ഒാളത്തിനപ്പുറം തീർക്കാൻ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിനായി എന്നത് സത്യമാണെന്ന് ഒമർ ലുലു പറഞ്ഞു. ഗാനത്തിന് ലഭിച്ച വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.

ഇൗ സിനിമയെ തിയറ്ററിലെത്തും മുൻപ് തന്നെ നെഞ്ചേറ്റിയത് ഇതേ സോഷ്യൽ ലോകമാണ്. പ്രിയയെ താരമാക്കിയതും ഇവര്‍ തന്നെയാണ്. ഇന്ന് സോഷ്യൽ ലോകത്ത് ട്രോളുകളായും പോസ്റ്റുകളായും ഫ്രീക്ക്പെണ്ണേ നിറയുകയാണ്. അതിൽപരം ഒരു പ്രചാരണം കിട്ടാനില്ല. ‘പ്രിയയോട് ഇഷ്ടമുള്ളവർ ഉണ്ടാകും അല്ലാത്തവർ ഉണ്ടാകും. നിങ്ങൾക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താൽ ഒരു സിനിമയെ മനപൂർവം കൊല്ലരുത്. സിനിമയ്ക്കു കാശുമുടക്കിയ നിർമാതാവിനുമുണ്ട് സ്വപ്നങ്ങൾ, കഴിഞ്ഞ ഒന്നരവർഷമായി ഞാൻ ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ അതുകൂടി ഒാർക്കണം.

രണ്ട് മില്ല്യൺ കാഴ്ചക്കാരുമായി മുന്നോട്ട് കുതിക്കുന്ന പാട്ടിന് കിട്ടിയ ഡിസ്ൈലക്കുകളെ ലൈക്കുകളായി തന്നെ കാണുകയാണെന്നാണ് പാട്ട് പാടിയ സത്യജിത്തും പറയുന്നത്. ഇതൊരു വ്യത്യസ്ഥമായ പാട്ടാണ്. ഒരു തവണ കേൾക്കുമ്പോൾ പെട്ടെന്ന് ഇഷ്ടം തോന്നിയില്ലെന്ന് വരും. പക്ഷേ ആ പാട്ടിന് ഒരു ഉൗർജമുണ്ട്. അത് പതിയെ ആണെങ്കിലും കേരളം സ്വീകരിക്കും. അപ്പോൾ ഇൗ തന്ന സിസ്ൈലക്കുകൾ ലൈക്കായി മാറും. ഇൗ പാട്ടിന്റെ വരികളും സത്യജിത്തിന്റെതാണ്. ഷാൻ റഹ്മാനാണ് സംഗീതം. 

പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷരീഫ് എന്നിവാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ നേരത്തെ വലിയ വിമർശനങ്ങളാണു ഉയർന്നിരുന്നത്. സംവിധായകനായ ഒമർലുലുവിനും പ്രിയവാര്യർക്കും എതിരെ കേസുണ്ടായിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ സുപ്രീകോടതി ഈ വാദം തള്ളി. പ്രിയ വാര്യർക്കും  ഒമർലുലുവിനും എതിരെ കേസ് നിലനിൽക്കില്ലെന്നും കോടതി പ്രസ്താവിച്ചിരുന്നു.