വൈബ്രേറ്റർ രംഗമിട്ട് അധിക്ഷേപം; വായടപ്പിച്ച് സ്വരയുടെ മറുപടി; ധീരമെന്ന് ആരാധകർ

സിനിമയിൽ ശക്തമായ കഥാപാത്രങ്ങളും വേറിട്ട അഭിനയവും കൊണ്ട് ശ്രദ്ധേയയായ നടിയാണ് സ്വര ഭാസ്കർ. സിനിമയ്ക്കും പുറത്തും സ്വരയ്ക്ക് തന്റേതായ ശബ്ദമുണ്ട്. 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ വൈബ്രേറ്റർ രംഗം വലിയ വിവാദമായിരുന്നു. നിരവധി വിമർശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെല്ലാം താരം മറുപടി നൽകിയിട്ടുമുണ്ട്.

ഇപ്പോഴിതാ ഈ രംഗത്തിന്റെ പേരില്‍ തന്നെ ട്രോളിയ ആളുടെ വായടപ്പിച്ചിരിക്കുകയാണ് സ്വര. കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇന്ത്യൻ നിയമവ്യവസ്ഥയിലെ 377-ാം വകുപ്പ് എടുത്ത് മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടരുന്നു. ഇതിനെ അനുകൂലിച്ച് സ്വരയുടെ അച്ഛൻ ചിത്രപു ഉദയ് ഭാസ്കർ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെയാണ് അഗ്നിവീർ എന്നയാളുടെ അധിക്ഷേപ കമന്റ്. 

'വീരെ ദി വെഡ്ഡിങിൽ' സ്വര വൈബ്രേറ്റർ ഉപയോഗിക്കുന്ന രംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ട് 'ആരാണ് ഈ നടി. ഇവർ എന്താണ് ചെയ്യുന്നത്. ആകെ സംശയം' എന്നു ചോദിച്ചായിരുന്നു അധിക്ഷേപം.

കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇതിന് സ്വര നൽകിയത്. ‘ഞാനൊരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റർ ഉപയോഗിക്കുന്നതായാണ് ഞാൻ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങൾക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ എന്നോട് നേരിട്ട് ചോദിക്കാം. പിന്നെ, നിങ്ങളുടെ പേരിനൊപ്പമുള്ള വീർ എടുത്തു മാറ്റൂ. പ്രായമായവരെ ഇങ്ങനെ അധിക്ഷേപിക്കുന്നവർ അത്ര വീരന്മാരല്ല...’ സ്വര മറുപടിയായി ട്വീറ്റ് ചെയ്തു. 

എന്തായാലും സ്വരയുടെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ധീരം എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'നിങ്ങളുടെ അച്ഛൻ ഇപ്പോൾ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും', 'അഭിമാനിയായ അച്ഛന്റെ അഭിമാനിയായ മകൾ' എന്ന രീതിയിലാണ് കമന്റുകൾ.