സൊനാലി ബേന്ദ്രേ മരിച്ചുവെന്ന് വ്യാജവാർത്ത; പുലിവാല് പിടിച്ച് ബിജെപി എംഎൽഎ

സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളിൽ ഇരയാകുന്നവർ അനവധിയാണ്. അത്തരത്തിലൊരു 'ഫേക്ക് മരണവാർത്ത' കേട്ട് ബോളിവുഡ് ഞെട്ടി. നടിയും മോഡലുമായ സൊനാലി ബേന്ദ്രേയായിരുന്നു ഇര.. വ്യാജവാർത്ത പ്രചരിപ്പിച്ച ബിജെപി എംഎൽഎ രാംകദവും പുലിവാല് പിടിച്ചു.  

തനിക്ക് അർബുദമാണെന്നും, അതിനെ പൊരുതിതോൽപ്പിക്കുമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞാണ് തൊണ്ണൂറുകളിലെ ബോളിവുഡിൻറെ താരമായിരുന്ന സൊനാലി ബെന്ദ്രെ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോയത്. ആ ആത്മധൈര്യത്തിന്, കയ്യടിച്ച്, സ്നേഹംപങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ധാരാളംപ്രചരിച്ചു. എന്നാൽ, അതേ സോഷ്യൽമീഡിയ ഇന്നലെ, ജീവിച്ചിരിക്കുന്ന സൊനാലിക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾനിരത്തി. 

എന്തിനേറെ, ബിജെപി എംഎൽഎ രാംകദം ട്വിറ്ററിലൂടെ പങ്കുവച്ചതിങ്ങനെ, ഒരുകാലത്ത് നമ്മള്‍ സിനിമാപ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച നടി സൊനാലി നമ്മളെ വിട്ടുപിരിഞ്ഞരിക്കുന്നു, ആദരാഞ്ജലികൾ.. 

എന്നാൽ, സംഗതി കള്ളമെന്ന് മനസിലാക്കിയതോടെ എംഎൽഎ തിരുത്തി. സൊനാലി എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്നും, അതിനായി പ്രാർഥിക്കുന്നതായും കുറിച്ച് പഴയപോസ്റ്റ് പിൻവലിച്ച് അദ്ദേഹം തടിതപ്പി. സമാനവഴിയിലാണ് വ്യാജൻപ്രചരിപ്പിച്ച മറ്റുള്ളവരും ഇപ്പോള്‍. എന്തായാലും, സൊനാലിയെ സ്നേഹിക്കുന്നവര്‍ ഇപ്പോള്‍ പ്രാർഥിക്കുകയാണ്. ആരോഗ്യത്തോടെയുള്ള അവരുടെ തിരിച്ചുവരവിനായി.