മുണ്ടും മടക്കിക്കുത്തി മണിയെ കണ്ടേനെ; ചാലക്കുടി മുങ്ങിയപ്പോള്‍ വിനയന്‍ ഓര്‍ത്തത്

ചാലക്കുടി മുങ്ങിയപ്പോൾ ചാലക്കുടിക്കാരൻ ചങ്ങാതിയെ ഓർക്കാതെയിരിക്കാനായില്ല സംവിധായകൻ വിനയന്. ചാലക്കുടിയെന്നാൽ മലയാളികൾക്ക് കലാഭവൻ മണിയുടെ നാടാണ്. മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പുതിയ ചിത്രത്തിന്റെ ടീം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഒരുനൂറ്റാണ്ടിനുള്ളിൽ കണ്ട മഹാപ്രളയത്തിൽ ചാലക്കുടി മുങ്ങിയപ്പോൾ മണിയുടെ ഓർമ്മത്തിരിയിൽപ്പെട്ട് വിനയൻ എഴുതിയ കുറിപ്പിങ്ങനെ;

ഒരു നൂറ്റാണ്ടിനുള്ളിൽ കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തെ നമ്മൾ അതിജീവിച്ചത് സ്നേഹം കൊണ്ടും ഒരുമ കൊണ്ടുമാണ്.. അപ്രതീക്ഷിതമായി എത്തിയ പ്രളയം മറ്റു പലടത്തുമെന്ന പോലെ ചാലക്കുടിയെയും ദുരന്തക്കടലാക്കിയതും അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങളും കണ്ടപ്പോൾ ഞാൻ അറിയാതെ മണിയേ ഒാർത്തുപോയി..ഇത്തരം രക്ഷാപ്രവർത്തനങ്ങളുടെ മുൻ നിരയിൽ മുണ്ടും മടക്കിക്കുത്തി മണി കണ്ടേനെ.. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങളുമായി.......

കലാഭവൻ മണിയുടെ കഥ പറയുന്ന "ചാലക്കുടിക്കാരൻ ചങ്ങാതി"യുടെ ടീം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നീങ്ങിയതിനാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലച്ചിരുന്നു.. അവസാന ജോലികൾ പൂർത്തിയാക്കി ചിത്രം സെപ്തംബർ അവസാന വാരം റിലീസ് ചെയ്യുകയാണ്.. 

ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ സോംഗ് ആഗസ്റ്റ് 30നു വൈകിട്ടു റിലീസു ചെയ്യുന്നു. 

"ചാലക്കുടി ചന്തക്കു പോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ"

മണിയുടെ ഏറ്റവും ഹിറ്റായ ഈ പാട്ടിൻെറ പുനരാവിഷ്കാരത്തിൽ നിങ്ങളേ സന്തോഷിപ്പിക്കുന്ന ചില പ്രത്യേകതകളുണ്ട്.. അതു പിന്നാലെ പറയാം..

പാട്ടുകേൾക്കാനും കാണാനും കാത്തിരിക്കുമല്ലോ?