‘ഇരട്ട’കള്‍ക്ക് ഒരേനേരം മുലയൂട്ടി ക്രിസി ടെയ്ഗന്‍; ചിത്രം വൈറല്‍; വിവാദവും

കുട്ടിയോടൊപ്പം പാവയ്ക്കും പാലൂട്ടുന്ന ചിത്രം പങ്കുവച്ച് വിവാദത്തിൽ ആയിരിക്കുകയാണ് അമേരിക്കൻ മോഡലും നടിയുമായ ക്രിസി ടെയ്ഗൻ. ഇന്‍സ്റ്റഗ്രമിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. ചിത്രം ഏറെ പ്രചരിക്കുകയും ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ടെയ്ഗൻ. മൂത്ത മകളുടെ കളിപ്പാവയ്ക്കും രണ്ടാമത്തെ കുട്ടിക്കും ഒരുമിച്ച് മുലയൂട്ടുന്ന ചിത്രമാണ് ഇത്.  'ലൂണ എന്നെക്കൊണ്ട് അവളുടെ പാവക്കുട്ടിക്കും മുലയൂട്ടിക്കുകയാണ്, ഇപ്പോൾ എനിക്ക് ഇരട്ടകുട്ടികൾ ഉള്ളതായാണ് തോന്നുന്നത്' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഒരു ദിവസംകൊണ്ട് മൂന്ന് ദശലക്ഷം പേരാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ലൈക് ചെയ്തത്. പക്ഷേ എല്ലാ പ്രതികരണവും ഇതിനെ അനുകൂലിച്ചല്ല. കൂടുതല് പേരും വിമർശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രസവവും മുലയൂട്ടലുമൊക്കെ സാധാരണമാണെന്നും എന്നാൽ അതിന്റെ ചിത്രങ്ങൾ ഇങ്ങനെ പരസ്യമാക്കുന്നത് ശരിയല്ലെന്നുമാണ് ഒരാളുടെ പ്രതികരണം. ഈ പ്രതികരണം നടിക്കും അത്ര രസിച്ചിട്ടില്ല. നിർവികാരമായ സെൽഫികളും മറ്റും കാണാൻ തനിക്കും താൽപര്യമില്ല, മറിച്ച് ജീവിക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവർ തിരിച്ചടിച്ചത്. വിവാഹിതയായി പൊതുരംഗത്ത് നിന്ന് പിൻവാങ്ങിയ ഇവർ വീണ്ടും ശ്രദ്ധിക്കപ്പെടാനാണ് ഇത്തരമൊരു ചിത്രം പുറത്തു വിട്ടതെന്നും കമന്റുകൾ വരുന്നുണ്ട്. അതേസമയം മുലയൂട്ടൽ പ്രോൽസാഹിപ്പിക്കനാണ് നടിയുടെ ഈ പോസ്റ്റ് ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് വേറെ ചിലരുടെ  അഭിപ്രായം. എന്തായാലും ടെയ്ഗന്‍റെ ഈ ചിത്രം ചൂടൻ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.