‘ചേച്ചി വേറെ ലെവല്‍ ആയല്ലോ’; ഹോളിവുഡ് സന്തോഷത്തില്‍ മോളി കണ്ണമാലി: അഭിമുഖം

നടി മോളി കണ്ണമാലി  ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. ഏവരെയും ഞെട്ടിപ്പിച്ചാണ് ഈ വാര്‍ത്ത എത്തിയത്. 'ടുമാറോ' എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട മോളി ചേച്ചിയുടെ ഹോളിവുഡ് പ്രവേശനം. ചിത്രത്തിന്‍റെ രചനയും നിർമാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ.മാത്യുവാണ് നിര്‍വഹിക്കുന്നത്. അഭിനയത്തിന് ഭാഷ ഒരു പ്രശ്നമേ അല്ലെന്നാണ് മോളിച്ചേച്ചിയുടെ വാക്ക്. തനി മലയാളിയായ മോളി കണ്ണമാലി എങ്ങനെയാണ് ഈ ഇംഗ്ലിഷ് ചിത്രത്തില്‍ എത്തിയത് എന്ന് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. 

‘ടുമോറോ’യിലെ മോളി ചേച്ചി 

ജോയ് കെ.മാത്യുവുമായുള്ള പരിചയം കാരണമാണ് അദ്ദേഹം വിളിക്കുന്നത്. സിനിമയില്‍ ഇത്രയും കാലം നിന്ന ആളായ മോളി ചേച്ചിയെ വച്ചൊരു പടം ചെയ്യണമെന്നുണ്ടെന്ന് ജോയി വന്നുപറഞ്ഞു. ഇതോടെ 'ചെയ്യാം' എന്ന് മറുപടി പറയുകയായിരുന്നു. ഇംഗ്ലിഷ് സിനിമയാണെന്നും അത് ഓര്‍ത്ത് പേടിക്കേണ്ടെന്നും ജോയ് പറഞ്ഞു. ആദ്യം കേട്ടപ്പോള്‍ ചെറുതായൊന്ന് ഭയന്നു.. പിന്നീട് ഓര്‍ത്തു, പറഞ്ഞുതന്നാല്‍ അതുപോലെ ചെയ്യാമല്ലോ എന്ന്. എന്നെ കൊണ്ടാകുന്നത് ഞാന്‍ ചെയ്യും. മീന് കച്ചവടക്കാരി ആയിട്ടാണ് കഥാപാത്രം. എന്നാലും ഇത്ര പെട്ടെന്ന് സിനിമ തുടങ്ങുമെന്ന് കരുതിയില്ല. ഇന്നലെ തിരുവനന്തപുരത്തു വച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്. ഇതോടെ എല്ലാവരും അറിഞ്ഞു. എല്ലാവര്‍ക്കും ഒന്നു മാത്രമേ പറയാനുള്ളൂ. 'ചേച്ചി വേറെ ലെവല്‍ ആയല്ലോ' എന്ന്. മരുന്നുവാങ്ങാന്‍ പോയിടത്തെ ഡോക്ടര്‍മാര്‍പോലും ഇതാണ് പറഞ്ഞത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. 

ഹോളിവുഡിലും മുഴുനീള കഥാപാത്രം 

എല്ലാം ദൈവത്തിന്‍റെ നിശ്ചയം മാത്രം. ചിത്രത്തിന്‍റെ കുറച്ചു സീനുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. ഞാനും ജോയിയും തമ്മിലുള്ള സീനുകള്‍ എടുത്തു. മുഴുനീള കഥാപാത്രം തന്നെയായാണ് ഈ സിനിമയിലുള്ളത്. ഭാഷ ഒരു പ്രശ്നമേ അല്ല. പിന്നീട് ഡബ് ചെയ്യാമെന്നായിരുന്നു നിര്‍ദേശം. ഇംഗ്ലിഷ് പഠിച്ചിട്ടല്ലല്ലോ അമര്‍ അക്ബര്‍ അന്തോണിയില്‍ ഒക്കെയുള്ള ഇംഗ്ലിഷ് ഡയലോഗ് പറഞ്ഞത്. സംവിധായകന്‍ പറയുന്നതുപോലെ ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തിയറ്ററില്‍ ഈ സിനിമ കാണുമ്പോള്‍ അത് മനസിലാകും. 

മലയാളികള്‍ക്ക് തീര്‍ത്തും അഭിമാനിക്കുന്ന നിമിഷം കൂടിയാകുകയാണ് മോളി കണ്ണമാലിയുടെ ഹോളിവുഡ് പ്രവേശം. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രമാണിത്. രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം മലയാളിതാരം കൂടി എത്തുന്നത് മോളി കണ്ണമാലിയുടെ സിനിമാ ജീവിതത്തിനും മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 


Molly Kannamaly about her debut in hollywood