വിമാനാപകടം; ഹോളിവുഡ് 'ടാർസൻ' ജോ ലാറയും ഭാര്യയുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

 ഹോളിവുഡ് നടൻ ജോ ലാറയും ഭാര്യയുമടക്കം ഏഴു പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സംശയം. യുഎസിലെ നാഷ്‌വില്ലെയിൽ പ്രാദേശിക സമയം ശനിയാഴ്ച പതിനൊന്നോടെയാണ് ബിസിനസ് ജെറ്റ് തകർന്നു വീണത്. ലാറയും ഭാര്യയും അടങ്ങിയ സംഘം കയറിയ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. ടെന്നിസെ വിമാനത്താവളത്തില്‍നിന്ന് ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അപകടമെന്ന് റുഥർഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ (ആർസിഎഫ്ആർ) സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.  നാഷ്‌വില്ലെയ്ക്ക് 12 മൈൽ (19 കിലോമീറ്റർ) അകലെ പെർസി പ്രീസ്റ്റ് ലേക്കിലേക്കാണ് വിമാനം തകർന്നുവീണത്. ഏഴു പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. തിരച്ചിലിൽ വിമാനാവശിഷ്ടങ്ങൾക്കൊപ്പം മനുഷ്യശരീരാവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് അവർ വ്യക്തമാക്കി.  1989ൽ ‘ടാർസൻ ഇൻ മാന്‍ഹട്ടൻ’ എന്ന സിനിമയിൽ ടാർസനായി വേഷമിട്ടയാളാണ് ലാറ. ‘ടാർസൻ: ദ് എപിക് അഡ്‌വഞ്ചേഴ്സ്’ എന്ന ടെലിവിഷൻ സീരിസിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.