‘കല്യാണ വയസ്സുതാ..’നയന്‍സ് വിഘ്നേഷ് വിവാഹം ഉടന്‍? ആകാംക്ഷയേറ്റി പാട്ടും പോസ്റ്റും

നയന്‍സിന്റെ പുതിയ പാട്ടിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് സംവിധായകന്‍ വിഘ്നേഷ് ശിവന്റെ പോസ്റ്റും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ചര്‍ച്ചവീണ്ടും സജീവമാക്കിയത്.   

'കല്യാണ വയസ്സുതാന്‍ വന്തുഡുത്തു ഡീ വെയിറ്റ് പണ്ണവാ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. ‘യോജിച്ച പാട്ടിന് നന്ദി’ എന്ന് അനിരുദ്ധിനെയും ശിവ കാര്‍ത്തികേയനെയും അദ്ദേഹം ടാഗും ചെയ്തു.  നയൻതാരയുടെ പുതുചിത്രമായ കൊലമാവ് കോകിലയിലെ ഗാനമാണ് കല്യാണ വയസ്സുതാന്‍ വന്തുഡുത്തു ഡീ എന്നത്. ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ഇരുവരുടെയും വിവാഹം ഉടനുണ്ടെന്ന സൂചനയാണ് ഇതിലൂടെ വിഘ്നേശ് പങ്കുവയ്ക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം.