അല്ലുവിനെ കണ്ടു; ആഗ്രഹസാഫല്യം: പിന്നാലെ ദേവ് കണ്ണടച്ചു

മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയ്ക്കുള്ള നൂൽപാലത്തിൽവെച്ച് ദേവ് പറഞ്ഞു, എനിക്ക് അല്ലു അർജുനെ കാണണം. ദീർഘനാളായി കാൻസർ ബാധിച്ച് ചികിത്സയിലാണ് ദേവ് സായി ഗണേഷ് എന്ന ആരാധകൻ. വിശാഖപട്ടണം സ്വദേശിയായ സായിയുടെ ആഗ്രഹം വീട്ടുകാരും സുഹൃത്തുകളും അല്ലുവിനെ അറിയിച്ചു.

ആരാധകന്റെ ആഗ്രഹം സാധിക്കാൻ അല്ലു ആശുപത്രിയിൽ എത്തി. സായി കൺനിറയെ പ്രിയതാരത്തെ കണ്ടു. ഹൃദയം തൊടുന്ന നിമിഷത്തിന്റെ ചിത്രം അല്ലു അർജ്ജുൻ തന്നെയാണ് പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തിയാക്കിയ സന്തോഷത്തിൽ ദേവ് കണ്ണടച്ചു. 

ഈ ദുഖവാർത്തയെക്കുറിച്ച് അല്ലു ഇങ്ങനെ കുറിച്ചു; 'സായ് നിനക്ക് നിത്യശാന്തി നേരുന്നു, ഈ വിവരം അറിഞ്ഞ് എന്റെ ഹൃദയം തകരുന്നു. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു'

കഴിഞ്ഞയാഴ്ചയാണ് ദേവിനെക്കുറിച്ചറിഞ്ഞ അല്ലു വിശാഖപട്ടണത്തെത്തി കണ്ടത്. അല്ലുവിനെ അപ്രതീക്ഷിതമായി കണ്ട ദേവിനും കുടുംബാംഗങ്ങള്‍ക്കും ആനന്ദക്കണ്ണീരടക്കാനായിരുന്നില്ല.