ശ്രീദേവി ജീവിച്ചിരുന്നുവെങ്കിൽ... അവാര്‍ഡിന് പിന്നാലെ ബോണി കപൂറിന്‍റെ കണ്ണീര്‍വാക്ക്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയുമധികം ആഘോഷിക്കപ്പെട്ട ഒരു നടിയുണ്ടാകില്ല. സൗന്ദര്യത്തിലും അഭിനയത്തിലും പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു ശ്രീദേവി. ഇത്രയധികം വേഷപ്പകർച്ചയോടെ സ്ക്രീനിൽ വാണ ശ്രീദേവിയെ മരണാന്തരമാണ് ദേശീയ പുരസ്കാരം തേടിയെത്തുന്നത്. 

ദേശീയ പുരസ്കാര വാർത്തെയെത്തുമ്പോൾ കണ്ണീരണിയാനായിരുന്നു ബോണി കപൂറിന്റെയും മക്കളുടെയും വിധി. ഈ ഒരു നിമിഷത്തിൽ ശ്രീദേവി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നതായി ഭർത്താവ് ബോണി കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഏറെ പ്രത്യേകതകളുളള ദിവസമാണ് ഇന്ന്. ശ്രീദേവി പൂർണത ആഗ്രഹിച്ചിരുന്ന നടിയാണ്. അവർ അഭിനയിച്ച മൂന്നിലേറേ സിനിമകൾ അതിന്റെ സാക്ഷ്യപത്രങ്ങളുമാണ്. അവർ മികച്ച നടി മാത്രമല്ല. മികച്ച ഭാര്യയും അമ്മയുമായിരുന്നു. അവരുടെ ജീവിതവും നേട്ടങ്ങളും ആഘോഷിക്കാനുളള സമയം തന്നെയാണിത്. എന്നാൽ അവരിപ്പോൾ നമ്മുടെ കൂടെയില്ല, എന്നാൽ പൈതൃകം നിലനിൽക്കുക തന്നെ ചെയ്യും– ബോണികപൂർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ ശ്രീദേവിയുടെ പേര് മികച്ച നടിയായി പ്രഖ്യാപിച്ചപ്പോള്‍ ഒരുനിമിഷം രാജ്യം സ്തബ്‌ധമായി നിന്നു. രവി ഉദ്യവര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു മോം. ഒരമ്മയുടെ ആത്മസംഘർഷങ്ങളെ തികച്ചും സ്വാഭാവികമായി പകർന്നാടിയതിനാണ് അവാർഡ്.