അമ്മയെപ്പോലെ അച്ഛന്‍റെ വിയര്‍പ്പ് ഒപ്പി; അമ്മയുടെ പ്രിയ സാരി ചുറ്റി ജാന്‍വി: കണ്ണീര്‍കാഴ്ച

വിവാദം മേലാപ്പിട്ട ഹാളില്‍ ആ കാഴ്ച പക്ഷേ ഉള്ളില്‍ തട്ടുന്നതായിരുന്നു. മാസങ്ങള്‍ മാത്രം മുന്‍പ് വിട പറഞ്ഞുപോയ അമ്മയ്ക്ക് ലഭിച്ച പുരസ്കാരം വാങ്ങാന്‍ എത്തിയ രണ്ട് പെണ്‍മക്കള്‍. അവരുടെ അച്ഛന്‍. ഇന്ത്യയുടെ പ്രയിപ്പെട്ട ശ്രീദേവിക്കായി മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയത് ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയുമായിരുന്നു. ആ ഓര്‍മച്ചിത്രത്തില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുകയാണ് ചടങ്ങ് കഴിഞ്ഞ് രണ്ടുനാള്‍ക്കിപ്പുറവും രാജ്യം. 

പുരസ്കാരദാനത്തിന്‍റെ ചിത്രങ്ങളിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. അതിലൊന്ന് കണ്ടുനിന്നവരെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതായിരുന്നു. വിയര്‍പ്പു പൊടിഞ്ഞ ബോണി കപൂറിന്റെ മുഖം ജാന്‍വി തൂവാല കൊണ്ട് തുടയ്ക്കുന്ന രംഗം. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ സമാനമായ ഒരു ചിത്രം ആരാധകര്‍ കണ്ടെത്തി. പഴയൊരു ഫിലിം ഫെയര്‍ പുരസ്‌കാരദാന ചടങ്ങളില്‍ ശ്രീദേവി ബോണി കപൂറിന്റെ മുഖത്തെ വിയര്‍പ്പ് തൂവാല കൊണ്ട് തുടയ്ക്കുന്ന ഒരു ചിത്രമായിരുന്നു അത്.

മറ്റൊന്ന് ജാന്‍വി ധരിച്ച സാരിയായിരുന്നു. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സാരി ധരിച്ച് അതീവസുന്ദരിയായാണ് ജാൻവി ചടങ്ങിനെത്തിയത്. ഐവറി ഷെയ്ഡിലുള്ള സാരിയിൽ പിങ്കും ഗോള്‍ഡൻ കളറും ചേർന്ന ബോർഡർ എലഗന്റ് ലുക് കൂട്ടുന്നതായിരുന്നു. ഒപ്പം സാരിക്കു ചേരുന്ന ജിമിക്കിയും വളകളുമൊക്കെ ജാൻവിയുടെ മാറ്റുകൂട്ടി. ശ്രീദേവിയുടെ പ്രിയപ്പെട്ട കോസ്റ്റ്യൂം ഡിസൈനറും ബെസ്റ്റ് ഫ്രണ്ടുമായ മനീഷ് മൽഹോത്രയാണ് ജാൻവിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

'' ശ്രീദേവി മാമിന് ' മോം '  എന്ന ചിത്രത്തിലെ അതുല്യമായ പ്രകടനത്തിനു ലഭിച്ച ദേശീയ പുരസ്കാരം സ്വീകരിക്കാൻ േപാവുകയാണ് അതിസുന്ദരിയായ ജാൻവി കപൂർ. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ എന്നെന്നും മിസ് ചെയ്യുന്ന നടിയും സുഹൃത്തുമൊക്കെയാണവർ. ഈ അമൂല്യവും വൈകാരികവുമായ നിമിഷത്തില്‍ അമ്മയ്ക്കു പ്രിയപ്പെട്ട സാരിയുടുത്ത് ജാൻവി കപൂർ എന്ന അടിക്കുറിപ്പോടെയാണ് മനീഷ് ചിത്രം പങ്കുവച്ചത്.

ശ്രീയുടെ നേട്ടത്തില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും എന്നാല്‍ അവരുടെ അസാന്നിധ്യം ഏറെ ദുഃഖം നല്‍കുന്നുവെന്നും ബോണി കപൂര്‍ പ്രതികരിച്ചു.

ദേശീയ ചലച്ചിത്ര അവാർ‍ഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനമാണ് അവാർഡ് ജേതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്. ഇതോടെ മലയാളത്തിൽ നിന്നുൾപ്പെടെ അറുപത്തിയെട്ടോളം ജേതാക്കളാണ് വിട്ടുനിന്നത്.