ജാന്‍വിക്കും ഖുഷിക്കും വീണ്ടും ‘ഏട്ടനാ’യി അര്‍ജുന്‍; ഇനി ഒപ്പം ലണ്ടനിലേക്ക് യാത്ര

ശ്രീദേവിയുടെ മരണശേഷം അർജുൻ കപൂറും അർദ്ധ സഹോദരിമാരായ ജാൻവിയും ഖുഷിയുമാള്ള ബന്ധം ഉൗഷ്മളമായിരുന്നു. അതിന് അടിവരയിട്ടുകൊണ്ട് മറ്റൊരു വാർത്ത എത്തിയിരിക്കുന്നു. സഹോദരിമാരെ ചേർത്ത് പിടിച്ച് അർജുൻകപൂർ ലണ്ടനിലേക്ക് യാത്രപോകുന്നു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം തിരിച്ചെത്തിയതേ ഉള്ളൂ അർജുൻ കപൂർ. എന്നാൽ വീണ്ടും സഹോദരിമാരുടെ സന്തോഷത്തിനായി യാത്രയ്ക്കൊരുങ്ങുകയാണ് ഇദ്ദേഹം. 


ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അര്‍ജുന്‍ അർദ്ധ സഹോദരിയുമായി ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തിയിരുന്നില്ല. അമ്മ മോന കപൂറിനെ ഉപേക്ഷിച്ച് അച്ഛന്‍ ബോണി ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് 11 വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു.കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.  ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുഷിയും തന്റെ ആരുമെല്ലന്നും അർജുൻ പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 


എന്നാൽ, ശ്രീദേവിയുടെ മരണസമയത്ത് പിതാവിനും സഹോദരിമാർക്കും ആശ്വാസമായി  ആദ്യം ഒാടിയെത്തിയത് അർജുൻ കപൂറായിരുന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തിയ അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.