കേട്ടത് ശരി; വൈ.എസ്.ആറായി പകര്‍ന്നാടാന്‍ മമ്മൂട്ടി; സ്ഥിരീകരിച്ച് സംവിധായകൻ

ഉൗഹാപോഹങ്ങൾ അവസാനിക്കുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചരിത്ര–രാഷ്ട്രീയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഇന്ത്യന്‍ സിനിമയും ഒപ്പം രാഷ്ട്രീയലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയുടെ വിവരം സംവിധായകൻ മഹി വി.രാഘവ് തന്നെയാണ് സ്ഥിരീകരിച്ചത്. 

ഇരുപതു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് മമ്മൂട്ടി ചിത്രത്തിന് സമ്മതം മൂളിയത്.  1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിതകഥയാണ് ‘യാത്ര’ എന്ന് പേരിട്ട ബയോപിക്ക് പറയുന്നത്. 2003ല്‍ അദ്ദേഹം നടത്തിയ പദയാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1475 കിലോമീറ്റര്‍ അദ്ദേഹം മൂന്ന് മാസങ്ങള്‍ കൊണ്ട് നടന്ന് പൂര്‍ത്തിയാക്കി. 2004 ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ആ പദയാത്ര തന്നെയാണ് സിനിമയുടെ ആകർഷണം.

70 എം.എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മുപ്പത് കോടിയാണ് ബജറ്റ്. മെയ് 2018ല്‍ ചിത്രീകരണം ആരംഭിക്കും. 2019 ല്‍ ചിത്രം പുറത്തിറങ്ങും.

ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈഎസ്ആറിന്‍റെ മകനായ വൈഎസ് ജഗമോഹന്‍ റെഡ്ഡിയുടെ പിന്തുണയും രാഘവിനുണ്ട്. 1992ല്‍ കെ.വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തെലുങ്കിലെത്തുന്നത്. 1998ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. നയൻതാരയാണ് ചിത്രത്തിലെ നായകിയെന്നും വാർത്തകൾ ഉണ്ട്. ഒട്ടേറെ ചരിത്ര–പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു സുവര്‍ണ കഥാപാത്രമാകും സിനിമയെന്ന് ഉറപ്പ്.