അച്ഛൻ മരിച്ചപ്പോൾ പ്രായം 15; ഏകാന്തത, ഒറ്റപ്പെടൽ, വിഷാദം: ഷാരൂഖിന്‍റെ ഓര്‍മ

താൻ ജീവിതത്തിലേറ്റവും തകർന്നു പോയത് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോഴാണെന്ന് നടൻ ഷാരുഖ് ഖാൻ. റാണി മുഖര്‍ജി നായികയാകുന്ന ഹിച്ച്കി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷാരൂഖ് മനസ് തുറന്നത്. മാതാപിതാക്കളുടെ മരണമാണ് എന്നെ തളർത്തിക്കളഞ്ഞത്. പതിനഞ്ചാം വയസിൽ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. ഇരുപത്താറാം വയസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ അമ്മയും നഷ്ടപ്പെട്ടു. കോളജ് വിട്ട് വീട്ടിലെത്തുമ്പോൾ വലിയ ശൂന്യതയാണ് അനുഭവപ്പെട്ടത്. 

എന്റെ മാതാപിതാക്കളില്ലാതെ ആ വീട് ഞങ്ങളിൽ സൃഷ്ടിച്ച ശൂന്യത വലുതായിരുന്നു. സാമ്പത്തികമായി ഞങ്ങൾ ഏറെ പിന്നാക്കമായിരുന്നു. ഞാനും സഹോദരിയും ആ ശൂന്യതയുടെ ആഴമറിഞ്ഞവരാണ്. ഏകാന്തത, ഒറ്റപ്പെടൽ, മാതാപിതാക്കളുടെ വിയോഗം തുടങ്ങിയവ മൂലം വല്ലാത്ത വിഷാദം എന്നെ പിടികൂടിയതു പോലെ എനിക്കു തോന്നി. മരണം അനിവാര്യമാണ് എന്ന ചിന്ത എല്ലാത്തിനെയും അതിജീവിക്കാൻ എന്നെ സഹായിച്ചു. ആ വേദന എന്നെ കീഴടക്കാൻ ഞാൻ അനുവദിച്ചില്ല. അഭിനയത്തിൽ കൂടുതൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. 

എനിക്ക് വേദന ഇല്ലെന്ന് നടിക്കുകയല്ല ഞാൻ ചെയ്തത്. എനിക്ക് ഏറ്റവും ഇഷ്ടമുളളതിൽ ഞാൻ എന്റെ മനസിനെ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. നിങ്ങൾ ഇതിനെക്കാൾ കൂടുതൽ വിഷമം അനുഭവിക്കുന്നവരാകും, പക്ഷേ തളരരുത്. ദൗർബല്യത്തെ കരുത്താക്കി മാറ്റണം–ഷാരുഖ് പറഞ്ഞു.