അതെ, ഞാൻ സെക്സിയാണ്... പക്ഷേ അഭിനയിക്കാനുമറിയാം; രൂക്ഷവിമർശനവുമായി ആൻഡ്രിയ

തമിഴ് സിനിമാ മേഖലയിലെ ആൺമേൽക്കോയ്മയ്ക്കെതിരെ ശക്തമായ ഭാഷയിൽ തുറന്നടിച്ച് നടി ആൻഡ്രിയ ജെറമിയ. ചെന്നൈയിലെ ജെപ്പിയാർ കോളേജിൽ നടന്ന ഒരു ചടങ്ങിൽ വെച്ചായിരുന്നു  ആൻ‍ഡ്രിയ ജെറമിയ സനിമയിലെ ആൺമേൽക്കോയ്മയ്ക്കെതിരെ തുറന്നടിച്ചത്. സൂപ്പർസ്റ്റാറുകൾ എല്ലാം തന്നെ പുരുഷൻമാരായിരിക്കും. ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ ആരാണെന്ന ചോദ്യത്തിന് ഷാരുഖ് ഖാൻ, സൽമാൻഖാൻ, ആമീർഖാൻ, അമിതാഭ് ബച്ചൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ പേരുകൾ ഒക്കെ ആയിരിക്കും ഉത്തരം. ഒരാൾ പോലും ഒരു നടിയുടെ പേര് പറയണമെന്നില്ല. 

റാം സംവിധാനം ചെയ്ത തരമണി ആൻഡ്രിയയ്ക്ക് ഏറെ പ്രശസ്തിയും നിരൂപക ശ്രദ്ധയും നേടികൊടുത്തിരുന്നു. അതിനു ശേഷം താൻ ഒരു സിനിമയ്ക്കായും കരാർ ഒപ്പിട്ടിട്ടില്ല. വിജയ്ക്കൊപ്പമോ മറ്റു സൂപ്പർതാരങ്ങളുടെ ചിത്രങ്ങളുടെ ഭാഗമാകുകയും ചിത്രത്തിൽ അവരുടെ നിഴലായി ഒതുങ്ങുകയും ചെയ്യുന്നവർക്കു പോലും നിരവധി സിനിമകൾ ലഭിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു. അരക്കെട്ട് ഇളക്കാനും നൃത്തമാടാനും മാത്രമുളളതല്ല നായിക. ഞാൻ സെക്സിയാണ് പക്ഷേ എനിക്ക് അഭിനയിക്കാനും അറിയാം. ദയവായി എനിക്കു ഇണങ്ങുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കു. 

സ്ക്രീനിൽ എപ്പോഴും സുന്ദരിയായിരിക്കാൻ താൻ ശ്രമങ്ങളോളം നടത്താറില്ലെന്നും സ്വഭാവികതയ്ക്കാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്നും ആൻഡ്രിയ പ്രതികരിച്ചു. സൗന്ദര്യമല്ല അഭിനയമികവാണ് ഒരു നടി സ്വന്തമാക്കേണ്ടത്. സൗന്ദര്യം നിലനിർത്തണമെന്ന് ആഗ്രഹമുളളവർക്ക് അങ്ങനെ ചെയ്യാമെന്നും അത് ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണെന്നും ആൻഡ്രിയ പറഞ്ഞു.