ഈ സമര്‍പ്പണത്തെ അംഗീകരിക്കൂ; വിമര്‍ശകരെ തള്ളി എംഎ നിഷാദ്

ഒടിയന്‍ എന്ന സിനിമയ്ക്കായി മോഹന്‍ലാലിന്‍റെ കിടിലന്‍ രൂപഭാവപ്പകര്‍ച്ചയെ വിമര്‍ശന വിധേയമാക്കുന്നവരെ രൂക്ഷഭാഷയില്‍ തള്ളി സംവിധായകന്‍ എം.എ.നിഷാദ്. ഒരു നടൻ ഒരു കഥാപാത്രമായി മാറാൻ എടുക്കുന്ന തയ്യാറെടുപ്പുകൾ അംഗീകരിക്കാനുളള മനസ്സ് എപ്പോഴാണ് മലയാളിക്ക് നഷ്ടമായതെന്ന് സംവിധായകന്‍ ചോദിക്കുന്നു.  മോഹൻലാൽ എന്ന നടനെ നമ്മൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് അദ്ദേഹത്തിന്‍റെ ആകാര ഭംഗി കണ്ടല്ല, മറിച്ച് അദ്ദേഹം ചെയ്തിട്ടുളള കഥാപാത്രങ്ങളെ കണ്ടിട്ടും അംഗീകരിച്ചും ഹൃദയത്തിലേക്കേറ്റടുത്തിട്ടുമാണ്. ഓരോ കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിച്ച് നമ്മളെ ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നടനെ ചിലര്‍ ട്രോളുകളിലൂടെ കളിയാക്കുന്നത് വികലമായ മാനസികാവസ്ഥയാണെന്നും എം.എ.നിഷാദ് തുറന്നടിക്കുന്നു. 

ആരും വിമർശനങ്ങള്‍ക്ക് അതീതരല്ലെങ്കിലും ഈ ആക്ഷേപങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കുറിക്കുന്നു. ഒടിയനിലെ മോഹന്‍ലാല്‍ എങ്ങനെ ആകണം എന്ന കാര്യം ദയവായി അതിന്‍റെ സംവിധായകന് വിട്ടുകൊടുക്കണമെന്നും എംഎ നിഷാദ് എഴുതുന്നു.