അഭിനയിക്കാൻ താൽപര്യമില്ലെന്ന് ഉണ്ണി പറഞ്ഞു, അപമാനിക്കുമെന്ന് യുവതിയുടെ ഭീഷണി

അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതിന് നടൻ ഉണ്ണിമുകുന്ദന് യുവതിയുടെ ഭീഷണി. യുവതിയും സുഹൃത്തുക്കളും ചേർന്ന് പണം തട്ടാൻ ശ്രമിച്ചെന്നാണ്  ഉണ്ണിമുകുന്ദന്റെ പരാതി. കേസെടുത്ത ശേഷം ഒറ്റപ്പാലം പൊലീസ് ചേരാനല്ലൂർ പൊലീസിനു കൈമാറി. 

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചി സ്വദേശിനിക്കും അഭിഭാഷകൻ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കൾക്കും എതിരെയാണു പരാതിയെന്നു പൊലീസ് അറിയിച്ചു.  

ചേരാനെല്ലൂർ എസ്ഐ സുനുമോനാണ് അന്വേഷണച്ചുമതല. ചേരാനെല്ലൂരിലെ ഫ്ലാറ്റിൽ തിരക്കഥ വായിച്ചു കേൾപ്പിക്കാനെന്ന പേരിൽ നടനെ സമീപിച്ചിരുന്ന യുവതിയും സുഹൃത്തുക്കളും പിന്നീട് ഒരുതവണ നേരിട്ടും പലതവണ ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടെന്നാണു പരാതി. ആവശ്യപ്പെട്ട പണം നിശ്ചിതസമയത്തിനകം നൽകിയില്ലെങ്കിൽ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഉണ്ണി മുകുന്ദൻ പരാതിയിൽ പറയുന്നു. 

ഒറ്റപ്പാലം കയറംപാറ കേന്ദ്രീയ വിദ്യാലയം റോഡിൽ സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദൻ ഒറ്റപ്പാലം സിഐ പി. അബ്ദുൽ മുനീറിനു നൽകിയ പരാതിലാണു കേസെടുത്തത്. തിരക്കഥ കേട്ട നടൻ അഭിനയിക്കാൻ താൽപര്യമില്ലെന്നു യുവതിയെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു.