ദാ കണ്ടോളൂ!! ഒടിയൻ മാണിക്യൻ ഒരുങ്ങിക്കഴിഞ്ഞു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കാലത്തെ തോൽപ്പിച്ച് മോഹൻലാലിന്റെ ഒടിയനെത്തി. വാക്കുപറഞ്ഞതുപോലെ തന്നെ യൗവനയുക്തനായ മോഹൻലാലിനെയാണ് വീണ്ടു കാണാൻ സാധിക്കുന്നത്. അതെ ഒടിയൻ എത്തുകയാണ്. ഒടിയന്റെയും തേങ്കുറിശിയുടെയും കഥ പറയാൻ. കാലത്തെ അതിജീവിച്ച് മായാജാലം പ്രവർത്തിക്കാൻ. നമുക്കും കാത്തിരിക്കാം ആ ഒടിയന്റെ വേഷപകർച്ചകാണാൻ.  റെക്കോർഡുകൾ ഭേദിച്ച് ഒടിയന്റെ ടീസർ ഇതിനോടകം വൈറലായിക്കഴിഞ്ഞു

അൻപത്തിയൊന്നു ദിവസം നീണ്ട 'തപസ്സ്'. ശരീരത്തെയും മനസ്സിനെയും മെരുക്കി 'യൗവനം' തിരിച്ചുപിടിക്കാൻ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവിൽ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തിൽ മോഹൻലാൽ അവതരിച്ചു. 'ഒടിയൻ' എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം. 

ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്ന്. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്. 

സംവിധായകൻ വി.എ. ശ്രീകുമാർമേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തിൽനിന്ന് പ്രത്യേക വാഹനത്തിൽ രാത്രി രണ്ടുമണിയോടെ മോഹൻലാൽ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം 'ഒടിയൻ' ചിത്രീകരണം പുനരാരംഭിക്കും.