ചലച്ചിത്രമേള ഇഷ്ടസിനിമകൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിൽ പ്രതിനിധികൾ

രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, ഇഷ്ടസിനിമകൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിലാണ് പ്രതിനിധികൾ. സുവർണചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ആർക്കെന്ന ചർച്ചയും മുറുകി. ലോകസിനിമാ വിഭാഗത്തിലേയും മത്സരവിഭാഗത്തിലേയും ശ്രദ്ധേയചിത്രങ്ങളുടെ അവസാന പ്രദർശനങ്ങൾ പുരോഗമിക്കുകയാണ്. 

തുടർച്ചയായ മൂന്നാംപ്രദർശനത്തിലും ലോകസിനിമാ വിഭാഗത്തിലുള്ള റൗൾപെക്കിന്റെ ദി യങ് കാറൽമാർക്സ് കാണികളെ കയ്യിലെടുത്തു. 

പ്രേക്ഷകപ്രസംശ നേടിയ പൊമഗ്രനേറ്റ് ഓർച്ചാഡ്, മലില ദ ഫെയർവെൽ ഫ്ളവർ, സിംഫണി ഓഫ് അന തുടങ്ങിയ സിനിമകളുടെ പ്രദർശനങ്ങൾക്കും തിരക്കായിരുന്നു. മത്സരവിഭാഗത്തിൽ അവസാനപ്രദർശനം നടക്കുന്ന കാൻഡലേറിയ, റിട്ടേണീ എന്നിവക്കും സിനിമാപ്രേമികൾ കൂട്ടമായെത്തി. നല്ല ചിത്രങ്ങൾ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയിലും കരുതലിലുമാണ് പ്രേക്ഷകർ. 

ലോകസിനിമാ വിഭാഗത്തിലെ ഡോഗ്സ് ആൻഡ് ഫൂൾസ്, സമ്മർ 1993, ദ യങ് കാൾ മാർക്സ്, 120 ബി.പി.എം, കുപാൽ, വുഡ് പെക്കേഴ്സ്, ഗുഡ് മാനേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ അവസാനപ്രദർശനവും ഇന്നാണ്. 

മേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ നാളെയാണ് ആരംഭിക്കുന്നത്.