ആമസോണിലും ഫ്ലിപ്കാർട്ടിലും വൻഓഫറുകൾ; 80% വരെ ഇളവ്

ആമസോണിലും ഫ്ലിപ്കാർട്ടിലും ഓഫർ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. വൻ ഇളവുകളുമായാണ് മുൻനിര ഓൺലൈൻ റീട്ടെയ്ൽ ഷോപ്പുകൾ വരുന്നത്. 

ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലും ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൻ ഡേയ്സ് എന്ന പേരിലും ഓഫർ സെയിൽ സെപ്റ്റംബർ 23 മുതൽ  നടക്കും. ആമസോൺ പ്രൈം ഓഫറുകൾ നേരത്തെ ലഭ്യമാകുമ്പോൾ സമാനമായ ശൈലിയിൽ ഫ്ലിപ്കാർട് അവതരിപ്പിച്ച ഫ്ലിപ്കാർട് പ്ലസ് ഉപയോക്താക്കൾക്കും ഓഫറുകൾ നേരത്തെ ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 25നും ഫ്ലിപ്കാർട് ബിഗ് ബില്യൻ ഡേയ്സ് 30നും അവസാനിക്കും. സ്മാർട്ഫോണുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെ ഓഫറാണ് ഇരു ഷോപ്പുകളും വാഗ്ദാനം ചെയ്യുന്നത്. ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകളും ഉണ്ടാവും. ആമസോണും ഫ്ലിപ്കാർട്ടും ഏറ്റവും അധികം വിൽപന നടത്തുന്ന സീസണുകളിലൊന്നാണ് ഇത്.

കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപന തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിഗ് ബില്യൺ ഡേയ്‌സ് വിൽപനയുടെ ഭാഗമായി ഫ്ലാറ്റ് ഡിസ്‌കൗണ്ടിന് പുറമെ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് നൽകുന്നതിന് ഫ്ലിപ്കാർട്ട് ഐസിഐസിഐ, ആക്‌സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ചില ഡീലുകളും ഓഫറുകളും ഇതിനകം തന്നെ ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. ഐഫോൺ 12, ഐഫോൺ 11, ഐഫോൺ 13 സീരീസ് ഉൾപ്പെടെയുള്ള മോഡലുകൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്. എന്നാൽ, ഓഫർ വിലകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഐഫോൺ മോഡലുകൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ, മോട്ടറോള, സാംസങ്, റിയൽമി, പോക്കോ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്മാർട് ഫോണുകളും വലിയ കിഴിവോടെ ലഭ്യമാകും. ഫ്ലിപ്കാർട്ടിലെ ചില ഡീലുകൾ പ്രകാരം പോകോ എഫ്4 5ജി, പോകോ എക്സ്4 5ജി, പോകോ എം4 പ്രോ 5ജി, ഒപ്പോ റെനോ 8 5ജി, മോട്ടറോള എഡ്ജ് 30, മോട്ടോ ജി62, റിയല്‍മി 9ഐ 5ജി തുടങ്ങി ഹാൻഡ്സെറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭിച്ചേക്കും.

ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ആദായവിൽപനയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഐഫോൺ മോഡലുകളുടെ ഡീലുകളായിരിക്കും. ഐഫോൺ 13 ഡീലിൽ രണ്ട് പ്ലാറ്റ്‌ഫോമുകളും തമ്മിൽ കടുത്ത മൽസരം നടക്കുമെന്ന് പറയപ്പെടുന്നു. ഐഫോൺ 13 ന്റെ വില ഏകദേശം 45,000 രൂപയായി കുറയുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.